ന്യൂമാൻ കോളജിന് ദേശീയ അവാർഡ്
1451590
Sunday, September 8, 2024 5:51 AM IST
തൊടുപുഴ: മുംബൈ നഗിൻദാസ് ഖണ്ഡ്വാല ഓട്ടോണമസ് കോളജ് ദേശീയ തലത്തിൽ സംഘടിപ്പിച്ച ഭവിഷ്യ ഭാരത് 2024-ലെ ദേശീയ അവാർഡ് സ്വന്തമാക്കി തൊടുപുഴ ന്യൂമാൻ കോളേജ്. വിവിധ സാമൂഹിക ശക്തീകരണ പ്രവർത്തന മേഖലകളിൽ കോളജ് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹത നൽകിയത്.
എൻസിസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഉച്ചഭക്ഷണ പരിപാടിയായ ഷെയർ എ ബ്രെഡ് പദ്ധതി വിശപ്പ് രഹിത സമൂഹ സൃഷ്ടി എന്ന വിഭാഗത്തിൽ പരിഗണിക്കപ്പെട്ടപ്പോൾ വനിതകളുടെ പഠനവും ശക്തീകരണവുമായി ബന്ധപ്പെട്ട് കോളജ് വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്കൊപ്പം കോളജിലെ എൻസിസി, എൻഎസ്എസ് സംഘടനകൾ വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ചു വരുന്ന മികച്ച സംരംഭങ്ങളും വനിത ശക്തീകരണ അവാർഡിന് കോളജിനെ അർഹമാക്കി. മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡിന് കൊമേഴ്സ് വിഭാഗം മേധാവിയും അസോസിയേറ്റ് എൻസിസി ഓഫീസറുമായ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു തെരഞ്ഞെടുക്കപ്പെട്ടു.
മുംബൈയിൽ നടന്ന ചടങ്ങിൽ കോളജ് ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി, ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അവാർഡ് ഏറ്റുവാങ്ങുകയും ചെയ്തു. മികച്ച നേട്ടം കരസ്ഥമാക്കിയ ടീമിനെ കോളജ് രക്ഷാധികാരി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ, ഹയർ എഡ്യുക്കേഷൻ സെക്രട്ടറി റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. ജെന്നി കെ.അലക്സ് എന്നിവർ അഭിനന്ദിച്ചു.