കൊച്ചി: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയില്‍ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി റാങ്കില്‍ കുറയാത്ത ആളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോര്‍ഡിന് പേര് ശിപാര്‍ശ ചെയ്യാം. എന്നാല്‍ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വം ബോര്‍ഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങള്‍ കൈമാറരുത്. രഹസ്യസ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് കോടതിക്ക് നേരിട്ട് സമര്‍പ്പിക്കാനും ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.
Tags : Sabarimala Gold High Court