കോട്ടയം: എൽഡിഎഫ് സർക്കാരിനെ പൂർണമായും വിശ്വസിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വിശ്വാസപ്രശ്നത്തിൽ കോൺഗ്രസിന്റേത് കള്ളക്കളിയാണ്. കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബദല്‍ അയ്യപ്പ സംഗമത്തില്‍ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ചും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എത്രപേര്‍ പങ്കെടുത്തു എന്നതിലല്ല കാര്യം.ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയില്‍ വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണ്. ആ വ്യത്യാസം രണ്ട് സംഗമങ്ങള്ക്കുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Tags : Ayyappa Sangamam Sabarimala NSS