ടെൽ അവീവ്: ഇസ്രേലി സേന ചൊവ്വാഴ്ച ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. എന്നാൽ, വെടിനിർത്തൽ തുടരുമെന്ന് ഇസ്രയേൽ ഇന്നലെ അറിയിച്ചു.
ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇസ്രേലി ആക്രമണത്തെ പിന്തുണയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
തെക്കൻ ഗാസയിലെ റാഫയിൽ ഒരു ഇസ്രേലി സൈനികൻ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ഗാസയിൽ വ്യോമാക്രമണം നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെനത്യാഹു ഉത്തരവിടുകയായിരുന്നു. സെൻട്രൽ ഗാസയിലെ ബുറെയ്ജ് അഭയാർഥി ക്യാന്പ്, ഗാസ സിറ്റി, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു.
അതേസമയം, ഇസ്രേലി സൈനികനെ വധിച്ചതിനു പിന്നിൽ തങ്ങളല്ലെന്നാണു ഹമാസ് അവകാശപ്പെടുന്നത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇസ്രേലി വൃത്തങ്ങൾ ഇന്നലെ അറിയിച്ചു.
ഹമാസ് മര്യാദയ്ക്കു നിൽക്കണം: ട്രംപ്
ഇസ്രേലി ആക്രമണത്തിന്റെ പേരിൽ വെടിനിർത്തൽ തകരില്ലെന്നു യുഎസ് പ്രസിഡന്റ് ട്രംപ് ഏഷ്യാ പര്യടനത്തിനിടെ വ്യക്തമാക്കി. “ഒരു ഇസ്രേലി സൈനികൻ കൊല്ലപ്പെട്ടുവെന്നാണ് ഞാനറിഞ്ഞത്. അതിന് ഇസ്രയേൽ ശക്തമായ തിരിച്ചടി നല്കി. ഇസ്രയേൽ അങ്ങനതന്നെയാണു ചെയ്യേണ്ടത്.
ഇത്തരം സംഭവങ്ങളുണ്ടാകുന്പോൾ ശക്തമായ തിരിച്ചടി നല്കണം. ഇതിന്റെ പേരിൽ വെടിനിർത്തൽ തകരാൻ പോകുന്നില്ല. പശ്ചിമേഷ്യയുടെ ഒരു ചെറിയ ഭാഗം മാത്രമാണു ഹമാസെന്നു മനസിലാക്കണം.
ഹമാസ് മര്യാദയ്ക്കു പെരുമാറിക്കൊള്ളണം. നല്ല രീതിയിൽ നിന്നാൽ അവർക്കു സന്തോഷമുണ്ടാകും. നല്ല രീതിയിലല്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യും. അവരുടെ ജീവൻ ഇല്ലാതാകും”-ട്രംപ് പറഞ്ഞു.