കൂട്ടിക്കൽ: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട കാന്പയിന്റെ ഭാഗമായുള്ള "ക്ലീൻ കൂട്ടിക്കൽ ഗ്രീൻ കൂട്ടിക്കൽ' പദ്ധതിക്ക് ഒക്ടോബർ രണ്ടിനു തുടക്കമാകും.
പൊതുപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന, സ്കൂൾ വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മെഗാ ക്ലീനിംഗ് ഡേ ആയി ആചരിക്കുവാൻ പഞ്ചായത്തിൽ ചേർന്ന മാലിന്യമുക്തം നവകേരളം പഞ്ചായത്തുതല നിർവഹണസമിതി യോഗം തീരുമാനിച്ചു.
യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സുധീർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർമാരായ കെ.എൻ. വിനോദ്, പി.എസ്. സജിമോൻ, ജെസി ജോസ്, എം.വി. ഹരിഹരൻ, ജേക്കബ് ചാക്കോ, രജനി സലീലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, സൗമ്യ ഷമീർ, കെ.എസ്. മോഹനൻ, അസിസ്റ്റന്റ് സെക്രട്ടറി ഡി. ഷൈജു, സിഡിഎസ് ചെയർപേഴ്സൺ ആശ ബിജു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, കുടുംബശ്രീ പ്രതിനിധികൾ, സ്കൂൾ അധ്യാപകർ, യുവജന സംഘടന പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
2025 മാർച്ച് 30നു മുമ്പായി കൂട്ടിക്കൽ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന് വേണ്ട കർമപരിപാടികൾ യോഗം ആവിഷ്കരിച്ചു. റോഡുകൾ, നീർച്ചാലുകൾ, മിനി എംസിഎഫ് പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ, സ്കൂൾ പരിസരങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഒക്ടോബർ രണ്ടിനു നടത്തും.
കൂട്ടിക്കൽ പഞ്ചായത്ത് ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ പ്ലാപ്പള്ളി മാത്തുമല എംസിഎഫിന്റെ ഉദ്ഘാടനം അന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് നിർവഹിക്കും.