ചങ്ങനാശേരി: കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനും മുന്‍മന്ത്രിയും തുടര്‍ച്ചയായ 41 വര്‍ഷം ചങ്ങനാശേരി എംഎല്‍എയുമായിരുന്ന സി.എഫ്. തോമസിന്റെ നാലാം ചരമവാര്‍ഷികം ഇന്ന് യുഡിഎഫ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കും. രാവിലെ കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം 10.30 ന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ സി.എഫ്. തോമസിന്റെ ഛായാചിത്രത്തില്‍ യുഡിഎഫ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും.
11ന് അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, മുന്‍മന്ത്രി കെ.സി. ജോസഫ്, പി.സി. തോമസ്, ജോയി ഏബ്രഹാം,
തോമസ് ഉണ്ണിയാടന്, കെ.എഫ്. വര്‍ഗീസ്, ജോസഫ് എം. പുതുശേരി, ഇ.ജെ. ആഗസ്തി, ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, ഫില്‍സണ്‍ മാത്യൂസ്, അസീസ് ബഡായി, ജയ്സണ്‍ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തില്‍ 101 കിഡ്നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യും. മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ വൈകുന്നേരം സി.എഫ്. തോമസിന്റെ വസതിയില്‍ എത്തി പത്നി കുഞ്ഞമ്മ തോമസിനെ സന്ദര്‍ശിച്ചു.