രാമപുരം: മാര്‍ ആഗസ്തീനോസ് കോളജിന്റെയും കേന്ദ്ര ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ റെസിഡന്‍ഷ്യല്‍ ഇന്റേണ്‍ഷിപ് സയന്‍സ് ക്യാമ്പ് സമാപിച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി തികച്ചും സൗജന്യമായി നടത്തിയ ക്യാമ്പില്‍ വിവിധ ജില്ലകളില്‍നിന്ന് ഉന്നത വിജയം നേടിയവരില്‍നിന്നു തെരഞ്ഞെടുത്ത 150 വിദ്യാര്‍ഥികൾ പങ്കെടുത്തു. സയന്‍സ് ആൻഡ് ടെക്നോളജി മേഖലയിലെ ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്കി. സെമിനാറുകള്‍ക്കൊപ്പം പ്രാക്ടിക്കല്‍ സൗകര്യവും ക്യാമ്പില്‍ ക്രമീകരിച്ചിരുന്നു.
കൊച്ചിന് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ബാബു ജോസഫ്, ഡോ. ആര്. രാമരാജ്, ഡോ. കെ. കുമാരസ്വാമി, ഡോ. എം. ലക്ഷ്മണന്, ഡോ. കെ.എന്‍. രാഘവന്, ഡോ. ജി. അംബിക, ഡോ. സി.ആര്. ധന്യ, ഡോ. സ്റ്റാനി തോമസ്, മോണ്‍. ജോസഫ് തടത്തില്‍, ഡോ. വി.പി. ദേവസ്യ, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
സമാപന സമ്മേളനം എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമെന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ഡോ. തമന്ന അരോറ, പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.കെ. സജേഷ്കുമാര്‍, ജിബി ജോണ്‍, മാത്യു കിഷോര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.