ബി. അശോക് തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷണറർ
Thursday, January 9, 2025 2:33 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കാനും കമ്മീഷണറായി ഡോ. ബി. അശോകിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷിക സർവകലാശാല വിസിയുമായ ബി. അശോകിനെ സർക്കാർ വകുപ്പുകളിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമനമെന്നാണ് ആരോപണം.
സസ്പെൻഷനിലുള്ള കൃഷി വകുപ്പു സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെ പരോക്ഷമായി പിന്തുണച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. സർക്കാരിനെ വെട്ടിലാക്കും വിധം പ്രശാന്ത് ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ശിപാർശ പ്രകാരമാണ് പുതുതായി രൂപീകരിച്ച കമ്മീഷൻ തലപ്പത്ത് ബി. അശോകിനെ കൊണ്ടുവരുന്നത്.
തദ്ദേശ വകുപ്പിൽ നിലവിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, മാർഗ നിർദേശങ്ങൾ തുടങ്ങിയവ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ കൂടി അടിസ്ഥാനത്തിൽ പരിഷ്കരിക്കുകയും സംതുലിതമായ നിലപാട് സ്വീകരിക്കുകയുമാണ് കമ്മീഷന്റെ ലക്ഷ്യങ്ങൾ.