ആരോഗ്യനിലയില്‍ പുരോഗതി; സ്റ്റാഫംഗങ്ങള്‍ക്കു നിര്‍ദേശം നല്കി ഉമ തോമസ് എംഎല്‍എ
Thursday, January 9, 2025 2:33 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി.
സ്റ്റാഫ് അംഗങ്ങളുമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ എല്ലാം കോ-ഓര്‍ഡിനേറ്റ് ചെയ്തു മുന്നോട്ടുപോകണമെന്ന് നിര്‍ദേശം നല്കി.
പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയിലെത്തിയ എംഎല്‍എ സ്റ്റാഫംഗങ്ങളെ ഫോണില്‍ വിളിച്ചു സംസാരിച്ചതായി ഫേസ്ബുക്കിലൂടെയാണ് ഉമ തോമസിന്റെ സോഷ്യല്‍ മീഡിയ ടീം അറിയിച്ചത്.
തന്റെ അഭാവത്തിലും ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ മറ്റ് നിയമസഭാ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദേശിച്ചു.
മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫംഗങ്ങള്‍ക്ക് ഉമ തോമസ് നിര്‍ദേശം നല്‍കിയതായും സോഷ്യല്‍ മീഡിയ ടീം ഫേസ്ബുക്കില്‍ കുറിച്ചു.