പെരിയ കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ചത് മനുഷ്യത്വപരമെന്ന് പി.കെ. ശ്രീമതി
Thursday, January 9, 2025 2:33 AM IST
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷിച്ചവരെ കണ്ണൂർ സെൻട്രൽ ജയിലിൽ സന്ദർശിച്ചതില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി.
മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് പി.കെ. ശ്രീമതിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയും സെൻട്രൽ ജയിലിലെത്തിയത്.
ജയിൽ സന്ദർശനം മനുഷ്യത്വപരമാണെന്നും സിബിഐ കോടതിയുടെ വിധിക്കെതിരേ സ്റ്റേ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതാണെന്നും പി.കെ. ശ്രീമതി പറഞ്ഞു.
താൻ മന്ത്രിയായിരുന്നപ്പോൾ കെ.വി. കുഞ്ഞിരാമൻ എംഎൽഎയായി സഹപ്രവർത്തകനായിരുന്നു. മറ്റുള്ളവരെയും പരിചയമുണ്ട്. ജയിലിലുള്ളവരെ കാണാൻ പോകരുതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോടു പി.കെ. ശ്രീമതി പറഞ്ഞു.