വനം നിയമ ഭേദഗതി : ആശങ്കകൾ പരിഹരിക്കണമെന്ന് സീറോമലബാർ സഭാ സിനഡ്
Thursday, January 9, 2025 2:33 AM IST
കൊച്ചി: നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനം നിയമ ഭേദഗതി ബിൽ ലക്ഷക്കണക്കിന് കർഷകരെ ദോഷകരമായി ബാധിക്കുമെന്നും ഇതുസംബന്ധിച്ച ആശങ്ക ദൂരീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും സീറോമലബാർ സഭാ സിനഡ് ആവശ്യപ്പെട്ടു.
1961ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേൽ സിനഡിൽ നടന്ന ചർച്ചയിലാണ് ഈ ആവശ്യമുയർന്നത്.
ആശങ്കയുളവാക്കുന്നതും ജനദ്രോഹപരവുമായ ചില മാറ്റങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അർഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്കു പകരം കൂടുതൽ ജനദ്രോഹപരമായ മാറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ പുതിയ ബില്ലിൽ കാണുന്നത്.
വന്യമൃഗശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതു ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകളാണ് കൂട്ടിച്ചേർക്കപ്പെടേണ്ടത്. കേരളത്തിൽ വനാവരണം വർധിച്ചുവരുന്നു എന്ന യാഥാർഥ്യം നിലനിൽക്കെ, കർഷകരെയും ഗ്രാമീണരെയും അന്യായമായ തടങ്കലിലേക്കും നിയമ വ്യവഹാരങ്ങളിലേക്കും തള്ളിവിടുമെന്ന ഭയപ്പാട് അനേകർ പങ്കുവയ്ക്കുന്നുണ്ട്.
മലയോര മേഖലകളിലുള്ളവരെയും വനാതിർത്തികളിൽ കഴിയുന്നവരെയും കാട്ടുമൃഗങ്ങളിൽനിന്ന് സംരക്ഷിക്കാൻ നിയമങ്ങൾ ഉണ്ടാക്കുന്നതിനു പകരം, ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നതാണ് ഈ നിയമങ്ങളെന്നു സർക്കാർ തിരിച്ചറിയണം.
വനം സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, വനനിയമങ്ങളും വന്യമൃഗങ്ങളും ജനജീവിതത്തിനു വെല്ലുവിളികളാകുന്ന ഈ കാലഘട്ടത്തിൽ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള പരിഷ്കരണമാണ് ആവശ്യം.
വിവിധ പിഴത്തുകകൾ അഞ്ചിരട്ടി വരെയായി വർധിപ്പിച്ചിരിക്കുന്നതും വനപ്രദേശങ്ങളിലെ മത്സ്യബന്ധനം കുറ്റകരമാക്കിയിരിക്കുന്നതും വനവിഭവങ്ങളുടെ ഉപയോഗം കൂടുതൽ പരിമിതപ്പെടുത്തിയിരിക്കുന്നതും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഥവ ഫോറസ്റ്റ് ഗാർഡിന് ഡോക്യുമെന്റുകൾ പിടിച്ചെടുക്കാനും വാഹനം തടഞ്ഞുവയ്ക്കാനും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുമുള്ള അധികാരങ്ങൾ നൽകിയിരിക്കുന്നതും വലിയ ആശങ്കയുളവാക്കുന്നതാണ്.
വനപാലകർക്ക് അനിയന്ത്രിതമായ അധികാരങ്ങളും ദുരുപയോഗിക്കാനുള്ള കൂടുതൽ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണെന്നും സിനഡ് വിലയിരുത്തി.