അന്തർസർവകലാശാല ചാവറ പ്രസംഗ മത്സരം 25ന്
Thursday, January 9, 2025 2:33 AM IST
കൊച്ചി: ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന 34-ാമത് അന്തർസർവകലാശാല ചാവറ പ്രസംഗ മത്സരം ഈ മാസം 25ന് നടക്കും.
രാവിലെ പത്തു മുതൽ കൊച്ചി ചാവറ കൾച്ചറൽ സെന്ററിലാണു മത്സരങ്ങൾ. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കംകുറിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ മഹത്തായ ആദർശങ്ങളും സമഗ്ര വീക്ഷണവും വിദ്യാർഥികളിലേക്ക് എത്തിക്കുക, പ്രഗത്ഭരായ പ്രസംഗകരെ കണ്ടെത്തുക, നേതൃത്വവാസന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു മത്സരം സംഘടിപ്പിക്കുന്നതെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അറിയിച്ചു.
ചാവറ പിതാവിനുശേഷം കേരള നവോത്ഥാന നായകരിൽ പ്രധാനിയായ ‘ശ്രീനാരായണ ഗുരുവും കേരള നവോത്ഥാനവും’ എന്നതാണ് ഇത്തവണത്തെ പ്രസംഗവിഷയം. പ്രസംഗ ദൈർഘ്യം അഞ്ചു മിനിറ്റാണ്. ഒരു കോളജിൽനിന്ന് രണ്ടു വിദ്യാർഥികൾക്ക് പങ്കെടുക്കാം. തിരുവനന്തപുരം, എറണാകുളം, മലബാർ എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചാണു മത്സരങ്ങൾ.
വിദ്യാർഥികൾ പ്രിൻസിപ്പലിന്റെയോ വകുപ്പ് മേധാവിയുടെയോ സാക്ഷ്യപത്രം കൊണ്ടുവരണം. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഈ മാസം 20 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: (വാട്സാപ്പ്) 9400068686, 9400068680, 9495172011.