നിലച്ചത് മലയോര ജനതയുടെ നിയമശബ്ദം
Thursday, January 9, 2025 2:33 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ഹൈക്കോടതി അഭിഭാഷകൻ അഡ്വ.അലക്സ് എം.സ്കറിയയുടെ (47) വിയോഗത്തിലൂടെ നിലച്ചത് മലയോര ജനതയുടെ നിയമശബ്ദം. സാമൂഹികപ്രതിബദ്ധതയുടെ ആൾരൂപം, നീതിയുടെ കൈയൊപ്പ് ചാർത്തിയ അഭിഭാഷകൻ, മലയോര ജനതയുടെ സ്പന്ദനങ്ങൾ നെഞ്ചേറ്റിയ മനുഷ്യസ്നേഹി... ഇങ്ങനെ എന്തെല്ലാം വിശേഷണങ്ങൾ നൽകിയാലും അതൊന്നും ഇദ്ദേഹത്തെ സംബന്ധിച്ച് അതിശയോക്തിയാകില്ല.
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും വന്യമൃഗശല്യവുമെല്ലാം മലയോരജനതയെ ശ്വാസം മുട്ടിക്കുന്പോൾ അവർക്കുവേണ്ടി നിയമപോരാട്ടം നടത്തി പലകേസുകളിലും അനുകൂല വിധി സന്പാദിക്കാൻ അദ്ദേഹത്തിനായി. സത്യമെന്നു ബോധ്യപ്പെടുന്ന കേസുകളിൽ നയാപൈസപോലും വാങ്ങാതെ അവർക്കുവേണ്ടി വാദിക്കാൻ സദാ സന്നദ്ധനായിരുന്നു കിഫയുടെ സ്ഥാപകാംഗംകൂടിയായ ഇദ്ദേഹം. ആരുടെ മുന്നിലും തന്റെ അഭിപ്രായം തുറന്നുപറയാൻ മടിയില്ലായിരുന്നു.
സഭയെയും സമുദായത്തെയും ആഴത്തിൽ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. ഇഡബ്ല്യുഎസ് സംവരണം നഴ്സിംഗ് വിദ്യാർഥികൾക്ക് നിഷേധിച്ചപ്പോൾ അതിനെതിരേ ചങ്ങനാശേരി അതിരൂപതയ്ക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായി ഒരുമാസത്തിനുള്ളിൽ അനുകൂല വിധി സന്പാദിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
നൂറുകണക്കിനു നിർധന വിദ്യാർഥികൾക്ക് കേന്ദ്രസർക്കാരിന്റെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സൗജന്യമായി കേസ് വാദിക്കാനും ഇദ്ദേഹം തയാറായി. ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷനു കത്തോലിക്ക സഭ സമർപ്പിച്ച നിവേദനത്തിൽ മലയോരകർഷകരുടെ പ്രശ്നങ്ങൾ അടിവരയിട്ട് വ്യക്തമാക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം നടത്തി ഇതിനുള്ളിൽ ഉൾപ്പെടുന്ന ഒന്പതു ചതുരശ്ര കിലോമീറ്ററോളം റവന്യുഭൂമിയിൽ അധിവസിക്കുന്ന പന്തീരായിരത്തോളം പേരെ സങ്കേതത്തിനു പുറത്തുകൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം പക്ഷിസങ്കേതം എന്ന പദവി തന്നെ റദ്ദ് ചെയ്യണമെന്നുമാവശ്യപ്പെട്ട് 2020ൽ ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.
തുടർന്നു ദേശീയ വന്യജീവി ബോർഡ് അധികൃതർ സ്ഥലം സന്ദർശിക്കുകയും അനുകൂല റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സ്വദേശം തൊടുപുഴയാണെങ്കിലും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി എറണാകുളം പച്ചാളത്തായിരുന്നു താമസം. ഇന്നലെ പുലർച്ചെ രണ്ടോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.