രാഷ്ട്രീയക്കൊലപാതകം: തുടരെ വിധികൾ; ഞെട്ടലിൽ നേതൃത്വം
Thursday, January 9, 2025 2:33 AM IST
റെനീഷ് മാത്യു
കണ്ണൂർ: കാൽനൂറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയ കൊലപാതകക്കേസുകളുടെ വിധികൾ രാഷ്ട്രീയ നേതൃത്വം ഞെട്ടലോടെയാണ് കാണുന്നത്. ജില്ലാ കോടതികളിലും ഹൈക്കോടതികളിലും വരുന്ന വിധികളെല്ലാം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണ്.
ഇരട്ട ജീവപര്യന്തവും ജീവപര്യന്തവും പിഴയൊടുക്കലും എല്ലാം നേതൃത്വത്തിന് തിരിച്ചടിയായി. കീഴ്ക്കോടതികളിലെ വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കുന്നതു മുതൽ പ്രതികളുടെ കുടുംബച്ചെലവുകൾ മുഴുവൻ വഹിക്കേണ്ട ബാധ്യത രാഷ്ട്രീയ നേതൃത്വങ്ങൾക്കായി മാറിയിരിക്കുകയാണ്.
യുവാക്കളായിരിക്കെ കൊലപാതകത്തിൽ പങ്കാളികളായവർ കുടുംബമായി കുട്ടികളോടൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോഴാണ് ജയിലിലേക്ക് പോകുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
പ്രായമായ മാതാപിതാക്കൾക്കും ഭാര്യക്കും കുട്ടികൾക്കും ആരും ഇല്ല, തന്റെ വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത് തുടങ്ങിയ വാദഗതികളാണ് ശിക്ഷയിൽ നിന്ന് ഇളവുനേടാൻ പ്രതികൾ കോടതിയിൽ ഉന്നയിക്കുന്നത്. എന്നാൽ, കൊലക്കത്തിക്കിരയായവരുടെ കുടുംബത്തിന്റെ അവസ്ഥയും വിചാരണവേളകളിൽ പ്രോസിക്യൂഷനും കോടതിയും ചൂണ്ടിക്കാണിക്കുന്നുണ്ട്.
98 മുതലുള്ള രാഷ്ട്രീയ കൊലപാതകക്കേസുകൾ
2023 മേയിൽ തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 183 കൊലപാതകക്കേസുകളായിരുന്നു. ഇതിൽ, ഏറെയും രാഷ്ട്രീയ കൊലപാതകക്കേസുകളാണ്. 1998 മുതലുള്ള രാഷ്ട്രീയ കൊലപാതകക്കേസുകളുടെ വിചാരണ നടന്നുവരികയാണ്.
ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ ക്രൈം നമ്പർ 76/ 1998 കേസാണ് ഏറ്റവും പഴക്കമുള്ളത്. ആർഎസ്എസ് പ്രവർത്തകൻ ഷാജി കൊല്ലപ്പെട്ട ഈ കേസിന്റെ വിചാരണ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നുവരികയാണ്.
കാൽ നൂറ്റാണ്ട് മുമ്പുള്ള പല കേസുകളിലും പ്രതികളായ യുവാക്കൾ ഇപ്പോൾ വിചാരണ നേരിടുമ്പോൾ മുതിർന്ന പൗരന്മാരായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിയുകയെന്നത് സങ്കീർണ പ്രക്രിയയായി മാറുമെന്ന് നിയമ രംഗത്തുള്ളവർതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇരട്ടക്കൊലപാതക കേസിലെ വിധിയും വരുന്നു
1998നു ശേഷം കണ്ണൂർ-കാസർഗോഡ് ജില്ലകളിലുണ്ടായ രാഷ്ട്രീയക്കൊലപാതക കേസുകളുടെ വിചാരണയും ശിക്ഷാവിധികളുമാണ് ഇപ്പോൾ നടന്നുവരുന്നത്. പുന്നാട് അശ്വനികുമാർ വധം, പെരിയ ഇരട്ടക്കൊലപാതകം, കണ്ണപുരം റിജിത്ത് വധക്കേസ് തുടങ്ങിയ രാഷ്ട്രീയക്കൊലപാതകക്കേസുകളിലെ വിധിയാണ് പുറത്തുവന്നത്.
ഇതിൽ അശ്വനികുമാർ വധക്കേസിൽ മാത്രം ഒരാളാണ് ശിക്ഷിക്കപ്പെട്ടത്. ബാക്കി 13 പ്രതികളെയും വെറുതെ വിട്ടു. പെരിയ ഇരട്ടക്കൊലക്കേസിലും റിജിത്ത് വധക്കേസിലും പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും ജീവപര്യന്തവും ശിക്ഷ ലഭിച്ചു.
പെരിയ ഇരട്ടക്കൊലപാതക ക്കേസിൽ ശിക്ഷിക്കപ്പെട്ടത് സിപിഎം പ്രവർത്തകരാണെങ്കിൽ കണ്ണപുരം റിജിത്ത് വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് ബിജെപി-ആർഎസ്എസ് പ്രവർത്തകരായിരുന്നു. ആർഎസ്എസ് പ്രവർത്തകനും ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറുമായിരുന്ന ഇരിട്ടി പുന്നാട് സ്വദേശി അശ്വനികുമാർ വധക്കേസിൽ 14 പ്രതികളിൽ ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
കേസിൽ എൻഡിഎഫ് പ്രവർത്തകരായിരുന്നു പ്രതികൾ. ഇതിനെതിരേ ബിജെപി നേതൃത്വം അപ്പീൽ നല്കുന്നുണ്ട്.
മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസ്, ബിജെപി- ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരി
ലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസ് എന്നിവയുടെ വിചാരണയും നടന്നു വരികയാണ്. ടി.പി. വധക്കേസിലെ പ്രതികളും ഈ കൊലപാതകങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രതികൾക്കൊപ്പം നേതൃത്വം
കൊലപാതക രാഷ്ട്രീയത്തെ അനുകൂലിക്കില്ലെന്ന് രാഷ്ട്രീയ നേതൃത്വം പറഞ്ഞാലും വിധി നടക്കുന്ന കോടതി പരിസരത്തും പ്രതികളുമായി എത്തുന്ന ജയിൽ പരിസരത്തും നേതാക്കൾ മുൻപന്തിയിൽ തന്നെയുണ്ട്. പാർട്ടി മുദ്രാവാക്യം വിളികളോടെയാണ് ശിക്ഷിക്കപ്പെട്ടവരെ ജയിലിലേക്ക് അയയ്ക്കുന്നത്.