101 കോടി രൂപയുടെ അഴിമതി; കെഎഫ്സിയുടെ വാദം തെറ്റെന്നു വി.ഡി. സതീശൻ
Thursday, January 9, 2025 2:33 AM IST
തിരുവനന്തപുരം: അനിൽ അംബാനിയുടെ കന്പനിയിൽ നിക്ഷേപം നടത്തിയതിലുള്ള വിശദീകരണക്കുറിപ്പിലൂടെ കെഎഫ്സി അഴിമതി തുറന്നു സമ്മതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംസ്ഥാനത്തിന് 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഇപ്പോഴത്തെ ധനകാര്യമന്ത്രിക്കും മുൻ ധനകാര്യമന്ത്രിക്കും ഒഴിഞ്ഞു മാറാനാകില്ലെന്നും സതീശൻ പറഞ്ഞു.
നിക്ഷേപ തീരുമാനം നിയമം അനുസരിച്ചും ബോർഡിന്റെ അംഗീകാരത്തോടെയുമാണെന്ന കെഎഫ്സിയുടെ ആദ്യ വാദം തന്നെ പച്ചക്കള്ളമാണ്. എസ്എഫ്സി നിയമത്തിലെ സെക്ഷൻ 34 പ്രകാരം ബോർഡ് കാലാകാലങ്ങളിൽ തീരുമാനിക്കുന്ന സെക്യൂരിറ്റികളിൽ മാത്രമേ നിക്ഷേപിക്കാനാകൂ.
എന്നാൽ നിക്ഷേപ സമാഹരണത്തിനായി 2016ൽ ബോർഡ് എടുത്ത തീരുമാനം നടപ്പാക്കുന്നതിനുവേണ്ടിയാണ് 2018ൽ അനിൽ അംബാനി കന്പനിയിൽ നിക്ഷേപിച്ചതെന്നാണ് കെഎഫ്സി വിശദീകരിക്കുന്നത്. ഇതിൽനിന്നും അനിൽ അംബാനിയുടെ കന്പനിയിൽതന്നെ നിക്ഷേപിക്കാൻ കെഎഫ്സി ബോർഡ് തീരുമാനിച്ചിരുന്നില്ലെന്ന് വ്യക്തമാണ്.
2016 ഏപ്രിൽ ഒന്നിനാണ് ആർസിഎൽ എന്ന കന്പനിയിൽ നിന്ന് ആർസിഎഫ്എൽ രൂപീകരിച്ചത്. 2016 ജൂണിൽ കെഎഫ്സി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2016 ഏപ്രിലിൽ തുടങ്ങിയ രണ്ടു മാസം മാത്രം പ്രായമായ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയെന്നു പറയുന്നത് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.
കെഎഫ്സി നിക്ഷേപം നടത്തിയതിനു ശേഷമാണ് റേറ്റിംഗ് ഏജൻസികൾ ക്രെഡിറ്റ് വാച്ച് നൽകിയതെന്നും 2018 ജൂണിനു ശേഷമാണ് അംബാനിയുടെ സ്ഥാപനം തകരാൻ തുടങ്ങിയതെന്നുമുള്ള കെഎഫ്സിയുടെ വാദവും വസ്തുതാ വിരുദ്ധമാണ്.
ആർസിഎഫ്എല്ലിൽ നിക്ഷേപിക്കുന്നതിനു രണ്ടു മാസം മുന്പ് കെയർ റേറ്റിംഗ് ഏജൻസി ഇറക്കിയ പത്രക്കുറിപ്പിൽ ആർസിഎഫ്എല്ലിനും പാരന്റൽ കന്പനിയായ റിലയൻസ് കാപിറ്റൽ ലിമിറ്റഡിനും താഴ്ന്ന റേറ്റിംഗ് ആണു നൽകിയിരുന്നത്.
സഹോദര സ്ഥാപനമായ റിലയൻസ് കമ്യൂണിക്കേഷൻസിനും കെയർ ‘ഡി’ റേറ്റിംഗാണ് നൽകിയിരിക്കുന്നത്. എന്നിട്ടാണ് നിക്ഷേപം നടത്തുന്പോൾ എല്ലാം ഭദ്രമായിരുന്നെന്ന് കെഎഫ്സി വാദിക്കുന്നത്.
ആർസിഎഫ്എല്ലിലെ നിക്ഷേപം വാർഷിക റിപ്പോർട്ടിൽ മറച്ചുവച്ചിട്ടില്ലെന്നു കെഎഫ്സി പറയുന്നതും നട്ടാൽ കുരുക്കാത്ത നുണയാണ്. 2019ൽ അംബാനിയുടെ കന്പനി പൂട്ടിയപ്പോൾ നിൽക്കക്കള്ളി ഇല്ലാതായപ്പോഴാണ് 2020-21ലെ വാർഷിക റിപ്പോർട്ടിൽ ആർസിഎഫ്എല്ലിന്റെ പേര് ഉൾപ്പെടുത്തിയത്.
നിക്ഷേപതുക തിരിച്ചു കിട്ടാൻ നിയമ പോരാട്ടം നടത്തുമെന്നു കെഎഫ്സി പറയുന്നതും അപഹാസ്യമാണ്. ഇനി കേസ് നടത്താൻ വക്കീലിനും കോടികൾ നൽകേണ്ടി വരുമെന്നു സതീശൻ പറഞ്ഞു.