ബിഎച്ച് രജിസ്ട്രേഷന് കേരളത്തിലും അനുമതി നല്കി ഹൈക്കോടതി
Friday, January 10, 2025 1:09 AM IST
കൊച്ചി: ഭാരത് സീരീസ് പ്രകാരം കേരളത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി.
ബിഎച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കു കേരള വാഹനനികുതി നിയമപ്രകാരമുള്ള നികുതിയായിരിക്കും ബാധകമാകുകയെന്നതടക്കം വ്യക്തമാക്കിയാണു ജസ്റ്റീസ് ഡി.കെ. സിംഗിന്റെ ഉത്തരവ്. ബിഎച്ച് സീരീസ് പ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള വാഹന ഉടമകള്‍ സമര്‍പ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്.
2021ല്‍ കേന്ദ്ര ഗതാഗതമന്ത്രാലയം നടപ്പാക്കിയ ഭാരത് സീരീസ് രജിസ്ട്രേഷന് എടുത്ത വാഹനങ്ങള്‍ക്ക് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കു പോകുമ്പോള്‍ വീണ്ടും രജിസ്ട്രേഷന് ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ ഒരു വര്‍ഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാന്‍ രജിസ്ട്രേഷന് മാറ്റേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണു ഹർജിക്കാര്‍ കോടതിയെ സമീപിച്ചത്.
നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബിഎച്ച് സീരീസില്‍ വാഹനം രജിസ്റ്റർ ചെയ്യാം. ഇത്തരം വാഹനങ്ങള്‍ രണ്ടു വര്‍ഷത്തേക്കാണ് നികുതി അടയ്ക്കേണ്ടത്. എന്നാല്‍, നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നതടക്കമുള്ള കാരണങ്ങളുടെ പേരില്‍ ഇത്തരം രജിസ്ട്രേഷന് സംസ്ഥാനത്ത് അനുവദിക്കുന്നില്ല.
ഇതിനു വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപീകരിച്ചതു തെറ്റാണെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വാദം. എന്നാല്‍, ചട്ടം പാലിക്കാന്‍ സംസ്ഥാനസര്‍ക്കാരിനു ബാധ്യതയുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.