കലാമാമാങ്കത്തിന് കൊടിയിറങ്ങി
Thursday, January 9, 2025 2:33 AM IST
തിരുവനന്തപുരം: കാഴ്ചകളുടെ ഉത്സവത്തിന് കൊടിയിറങ്ങി. അവസാനനിമിഷം തൃശൂരിനെ കിരീടം ചൂടിച്ചിട്ടാണ് അനന്തപുരിയില്‍ കലോത്സവത്തിനു തിരശീല വീണത്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തെ അക്ഷരാര്‍ഥത്തില്‍ അനന്തപുരി നെഞ്ചിലേറ്റുകയായിരുന്നു. സംഗീത-നാട്യ-നടന വിസ്മയങ്ങളുടെ നിറമേറിയ കാഴ്ചകള്‍ അനന്തപുരിയെ ത്രസിപ്പിച്ചു. സംഘാടന മികവിലും തിരുവനന്തപുരം മേന്മ പുലര്‍ത്തി. പരാതികളും പരിഭവങ്ങളുമില്ലാത്ത മേള.
അഞ്ച് നാളുകളില്‍ മധുരിക്കുന്ന ഓര്‍മകള്‍ നല്‍കിയാണ് കലോത്സവം കടന്നു പോയത്. കലയുടെ കൈപിടിച്ച് ഈ നഗരത്തിലൂടെ ഒരു യാത്രയിലായിരുന്നു. അനന്തവിസ്മയങ്ങളാണ് ഓരോ കലാകാരനും കലാകാരയും അനന്തപുരിക്കു സമ്മാനിച്ചത്.
പുതുചരിത്രമെഴുതിയാണ് ഓരോ വേദിയിലും തിരശീല വീണത്. അടുത്ത വർഷം വീണ്ടും കാണാമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ഓരോരുത്തരും തലസ്ഥാനത്തോട് വിടപറഞ്ഞത്. കലയും സഹൃദയരും ഒരേപോലെ പറയുന്നു, പോയേച്ചും വായോ..
ഇഞ്ചോടിഞ്ച് പോരാട്ടം
സ്വർണക്കപ്പിനായി അവസാനദിവസവും നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. അവസാന മണിക്കൂർ വരെയും ആർക്കും മേൽക്കൈ അവകാശപ്പെടാനാവാത്ത ആവേശപ്പോര്. നേരിയ വ്യത്യാസത്തിൽ പോയിന്റ് നില മാറിമറിഞ്ഞുകൊണ്ടിരുന്നു. സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂർ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി.
വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
എൻഎസ് ബോയ്സ് എച്ച്എസ് എസ് ആലപ്പുഴ 105 പോയിനന്റോടെ നാലാം സ്ഥാനത്തും എസ്വിജിവിഎച്ച്എസ്എസ്എസ് കിടങ്ങൂർ പത്തനംതിട്ട 102 പോയിന്റോടെ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
ആവേശമായി ആസിഫലിയും ടോവിനോയും
തിരുവനന്തപുരം: കൗമാരപ്രതിഭകളുടെ കലാമാമാങ്കത്തിന്റെ സമാപനവേദിയില്‍ ആവേശമായി യുവചലച്ചിത്ര താരങ്ങളായ ആസിഫലിയും ടോവിനോയും. ഇരുവരും വേദിയിലെത്തിയപ്പോഴും പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴും സദസില്‍ ഹര്‍ഷാരവം ഉയര്‍ന്നു. പ്രിയപ്പെട്ട തിരുവനന്തപുരം എന്ന് അഭിസംബോധനയോടെയാണ് ആസിഫലി പ്രസംഗം തുടങ്ങിയത്.
കലോത്സവത്തില്‍ കസേര പിടിച്ചിടാന്പോലും പോകാത്ത തനിക്കു കല എന്നത് സിനിമ തന്ന ഭാഗ്യമാണ്. കലോത്സവ വിജയികളായവര്‍ ഒരിക്കലും കലയില്‍നിന്ന് അകലരുതെന്നും ജീവിതകാലം മുഴുവന്‍ കലയില്‍ തുടരണമെന്നും കലയിലൂടെ ലോകം അറിയണമെന്നും ആസിഫലി ആഹ്വാനം ചെയ്തു.
രേഖാചിത്രം എന്ന തന്റെ പുതിയ സിനിമ കാണാന്‍ എല്ലാവരെയും ക്ഷണിച്ചാണ് ആസിഫലി പ്രസംഗം അവസാനിപ്പിച്ചത്. സ്വര്‍ണക്കപ്പ് കരസ്ഥമാക്കിയ തൃശൂരിലെ കലാപ്രതിഭകള്‍ക്ക് സൗജന്യമായി സിനിമ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും ആസിഫലി പറഞ്ഞു.
“ഹലോ സുഖമല്ലേ...” എന്ന് അഭിസംബോധന ചെയ്തതാണ് ടോവിനോ പ്രസംഗം ആരംഭിച്ചത്. കലോത്സവത്തില്‍ പങ്കെടുത്തതിന്റെ ഓര്മകളില്ല. കലോത്സവത്തില്‍ ജില്ലയ്ക്കു ചാമ്പ്യന്‍ഷിപ്പ് കിട്ടിയാല്‍ ഒരു ദിവസം അവധി കിട്ടുന്നതായിരുന്നു തന്റെ കലോത്സവ ഓര്‍മയെന്ന് ടോവിനോ പറഞ്ഞു.
അനന്തപുരി കലോത്സവത്തില്‍ പങ്കെടുത്തതോടെ ഇനി കലോത്സവത്തില്‍ പങ്കെടുത്തു എന്ന് എനിക്ക് പറയാം. ജീവിതകാലം മുഴുവന്‍ കലയെ കൈവിടാതെ സൂക്ഷിക്കണം. കല സ്നേഹമാണ്; കല എല്ലാവരെയും അടുപ്പിക്കുമെന്നും ടോവിനോ പറഞ്ഞു.
കലോത്സവവേദിയില്‍ ഏത് വേഷത്തില്‍ വരാനാണ് ഇഷ്ടമെന്ന തന്റെ സോഷ്യല്‍ മീഡിയ പ്രതികരണത്തോട്, കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചെത്താനാണ് കൂടുതല്‍ പേര് ആവശ്യപ്പെട്ടതെന്നും അതാണ് കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചതെന്നും ടോവിനോ പറഞ്ഞു.
അതിജീവന കഥകള്‍ പറഞ്ഞ് കഥാപ്രസംഗം
തിരുവനന്തപുരം: സ്ത്രീകളുടെ അതിജീവന കഥകള്‍ പറഞ്ഞ ഹൈസ്കൂള്‍ വിഭാഗം കഥാപ്രസംഗ മത്സരത്തിന് പാളയം സെന്റ് ജോസഫ്സ് സ്കൂള്‍ വേദിയില്‍ ലഭിച്ചത് നിറഞ്ഞ കൈയടി.
സ്ത്രീകളുടെ അതിജീവന കഥയാണ് മിക്കവരും കഥാപ്രസംഗത്തിനു വിഷയമാക്കിയത്. ഇതിനു പുറമേ വാസവദത്തയുടെ കഥയ്ക്കും കൈയടി ലഭിച്ചു. തിരുവനന്തപുരം കല്ലമ്പലം കെടിസിടിയിലെ ബിസ്മിയാണ് വാസവദത്തയുടെ കഥയുമായെത്തിയത്.
തുടര്‍ന്നു വന്ന വയനാട് എംജിഎം എച്ച്എസ്എസിലെ ആന്ലിന് പട്ടാളക്കാരന്റെ ജീവിതകഥ അവതരിപ്പിച്ചു. മത്സരത്തിന് ഇത്രയധികം പെണ്‍കുട്ടികള്‍ എത്തുന്നത് ആദ്യമായാണെന്ന് ഇവരെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ പറയുന്നു.
ഇന്നലെ വേദികളില്‍ ഓര്‍ക്കസ്ട്ര വായിക്കാന്‍ മാത്രമാണ് ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവരെ കഥാപ്രസംഗം പഠിപ്പിച്ചത് കാഥികന്മാരായിരുന്നു. കഥാപ്രസംഗം പഠിക്കാന്‍ എത്തുന്നവരിലേറെയും പെണ്‍കുട്ടികളാണെന്ന് ഗുരുക്കന്മാരും പറയുന്നു.
ജീവിതം അരങ്ങിലെത്തിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍
തിരുവനന്തപുരം: ടാഗോര്‍ തിയറ്ററില്‍ നിറഞ്ഞുകവിഞ്ഞ സഹൃദയരെ കണ്ണീരിലാഴ്ത്തി വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ അരങ്ങില്‍.
ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയെ ഹര്‍ഷാരവത്തില്‍ നിറച്ചാണ് വയനാട് ചൂരല്‍മല ദുരന്തം അതിജീവിച്ച കുട്ടികള്‍ അവതരിപ്പിച്ച തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ കഥയുടെ നാടകാവിഷ്കരണം അരങ്ങേറിയത്. എച്ച്എസ് വിഭാഗം നാടകമത്സരത്തിലെ ഈ നാടകം നിറകണ്ണുകളോടെയാണ് കാണികള്‍ കണ്ടത്.
നാടകത്തിന്റെ തിരക്കഥ തയാറാക്കിയത് നാടകപ്രവര്‍ത്തകനും അധ്യാപകനുമായ അജയകുമാറാണ്. ജോബ് മഠത്തില്‍ സംവിധാനം ചെയ്ത നാടകത്തില്‍ അമല്‍ ജിത്ത്, നിരഞ്ജന്, വൈഗ, നിവേദിത, മുഹമ്മദ് അന്‍സില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കുട്ടികളെ ദുരന്തസ്മരണയില്നിന്നു വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രഥമാധ്യാപകന് ഉണ്ണികൃഷ്ണന് മാഷിന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെ പരിശ്രമമാണ് നാടകാവിഷ്കരണത്തിനു പിന്നില്‍. ജില്ലാതലത്തില്‍ അപ്പീല്‍ നേടിയാണ് ടീം മത്സരത്തിനെത്തിയത്.