രാജ്യറാണി എക്സ്പ്രസിൽ സ്ലീപ്പർ കോച്ചുകൾ കുറച്ചു
Thursday, January 9, 2025 2:33 AM IST
കൊല്ലം: കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ( 16349/50) രണ്ട് സ്ലീപ്പർ കോച്ചുകൾ കുറയ്ക്കാൻ റെയിൽവേ തീരുമാനം. പകരം രണ്ട് അധിക ജനറൽ കോച്ചുകൾ ഉൾപ്പെടുത്തുമെന്നാണ് അറിയിപ്പ്.
രാത്രി സർവീസ് നടത്തുന്ന ഈ എക്സ്പ്രസ് ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ കുറയ്ക്കുന്നത് നൂറുകണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. 150-ൽ അധികം ബർത്തുകൾ കുറയുകയും ചെയ്യും. ഇതിനെതിരേ ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു.
കൊച്ചുവേളിയിൽനിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് അടുത്ത ദിവസം രാവിലെ 6.05 നാണ് നിലമ്പൂരിൽ എത്തുന്നത്. തിരികെയുള്ള സർവീസ് രാത്രി 9.30ന് നിലമ്പൂരിൽനിന്ന് യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ 5.30ന് കൊച്ചുവേളിയിൽ എത്തും.
നിലവിൽ ഈ ട്രെയിനിൽ എട്ട് സ്ലീപ്പർ കോച്ചുകളാണ് ഉള്ളത്. ഇതാണ് ആറാക്കി കുറയ്ക്കുന്നത്. രാജ്യറാണി എക്സ്പ്രസിൽ ആകെ 14 കോച്ചുകൾ മാത്രമാണ് ഉള്ളത്.
ഇത് 18 ആക്കി ഉയർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അങ്ങനെ വരുമ്പോൾ നാല് സ്ലീപ്പർ കോച്ചുകൾ കൂട്ടിയാൽ 10 എണ്ണമായി ഉയർത്താൻ കഴിയും. മാത്രമല്ല നാല് ജനറൽ കോച്ചുകളും ഉൾപ്പെടുത്താനാകും. രാജ്യറാണിയിലെ രണ്ട് സ്ലീപ്പർ കോച്ചുകൾ കുറച്ച് പകരം രണ്ട് ജനറൽ കോച്ചുകൾ ഏർപ്പെടുത്തുന്നത് 19, 20 തീയതികളിലായി പ്രാബല്യത്തിൽ വരും.
ഇത് കൂടാതെ തിരുവനന്തപുരം - മധുര റൂട്ടിൽ സർവീസ് നടത്തുന്ന അമൃത എക്സ്പ്രസിലും (16343/44) സമാനമായ മാറ്റം റെയിൽവ പ്രഖ്യാപിച്ചിട്ടുണ്ട്.