വയനാട് കൊല്ലിവയലിൽ കാട്ടാന ആക്രമണം; കർണാടക സ്വദേശി മരിച്ചു
Thursday, January 9, 2025 2:33 AM IST
പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ പൊളന്ന കൊല്ലിവയലിനു സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർണാടക സ്വദേശി മരിച്ചു.
കുട്ട ചേരപ്പക്കവല മുള്ളൻകൊല്ലി ഇരുപ്പേട് കാട്ടുനായ്ക്ക ഉന്നതിയിലെ രാജു-മഞ്ജു ദന്പതികളുടെ മകൻ വിഷ്ണു (22)വാണു മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
കൊല്ലിവയൽ ഉന്നതിയിലെ ബന്ധുവീട്ടിൽ വന്ന വിഷ്ണു വനത്തിലൂടെ കർണാടകയിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് വിഷ്ണുവിന് ഗുരുതര പരിക്കേറ്റു.
പ്രദേശത്ത് രാത്രിയിൽ പരിശോധന നടത്തുകയായിരുന്ന വനപാലകരാണ് വിഷ്ണുവിനെ ചുമന്ന് കാടിനു പുറത്തെത്തിച്ചത്. വനംവകുപ്പിന്റെ ജീപ്പിൽ മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് കൊല്ലിവയൽ. അവിവാഹിതനാണ് വിഷ്ണു. സഹോദരങ്ങൾ: അപ്പു, അജേഷ്, രമണി.