നാക് റിഫോംസ് കോര്‍ കമ്മിറ്റിയില്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്
Friday, January 10, 2025 1:09 AM IST
കാഞ്ഞിരപ്പള്ളി: നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (എൻഎഎസി) മെച്യൂരിറ്റി ബേസ്ഡ് ഗ്രേഡ് ലെവല്‍ (എംബിജിഎൽ) കോര്‍ കമ്മിറ്റിയില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ് നിയമിതയായി.
അക്രഡിറ്റേഷനിലും റാങ്കിംഗിലും ആവശ്യമായ പരിഷ്ക്കാരങ്ങൾ സംബന്ധിച്ച ഡോ. രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പിലാക്കുന്നതിന് വേണ്ട ചട്ടക്കൂടും പ്രവർത്തന രീതിയും വികസിപ്പിക്കുന്നതിനാണ് എംബിജിഎൽ കോർ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 20 അംഗ കോര്‍ കമ്മിറ്റിയിലാണ് കേരളത്തില്‍ നിന്ന് ഡോ. ലില്ലിക്കുട്ടി ജേക്കബ് നിയമിതയായിരിക്കുന്നത്.
ഡോ. ലില്ലിക്കുട്ടി ജേക്കബിന്റെ അക്കാദമിക ഭരണ രംഗത്തെ പരിചയവും സംഭാവനകളും പരിഗണിച്ചാണ് പുതിയ നിയമനം. 2022 മുതല്‍ അമല്‍ജ്യോതി കോളജിന്റെ പ്രിന്‍സിപ്പലായി സേവനം നിര്‍വഹിച്ചു വരുന്നു.
തിടനാട് കുന്നേല്‍ ഡോ. പോള്‍ ജോസഫ് ആണ് ഭര്‍ത്താവ്. മകന് ഡോ. ജോസ് കെ. പോള്‍, പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോളജി വിഭാഗത്തില്‍ സേവനം ചെയുന്നു.