പെരിയ ഇരട്ടക്കൊലക്കേസ്; മുന്‍ എംഎല്‍എയടക്കം നാലു പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
Thursday, January 9, 2025 2:33 AM IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനടക്കം നാലു പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പ്രതികള്‍ നല്കിയ അപ്പീലിലാണു ജസ്റ്റീസുമാരായ പി.ബി. സുരേഷ്കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി. 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആള്‍ജാമ്യത്തിലുമാണ് നാലു പ്രതികളെ ജാമ്യത്തില്‍ വിടുക. വിചാരണക്കോടതി വിധിച്ച പിഴത്തുക ഇവര്‍ അടയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
20-ാം പ്രതിയായ കുഞ്ഞിരാമനു പുറമെ 14-ാം പ്രതി മണികണ്ഠന്, 21-ാം പ്രതി രാഘവന് വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്കരന് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചുവെന്ന കുറ്റത്തിന് ഇവർക്കു പ്രത്യേക സിബിഐ കോടതി അഞ്ചു വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്.
ജീവപര്യന്തം തടവ് ലഭിച്ച മറ്റു പ്രതികള്‍ക്കൂടി ഹൈക്കോടതിയെ സമീപിക്കുന്നതോടെ അപ്പീലുകളില്‍ തീര്‍പ്പ് നീളാനുള്ള സാഹചര്യം ഡിവിഷന് ബെഞ്ച് കണക്കിലെടുത്തു. അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം വരുന്ന കേസുകളില്‍ കുറഞ്ഞ ശിക്ഷ ലഭിച്ചവര്‍ക്ക് ഇത്തരത്തില്‍ ജാമ്യം നല്‍കുന്നത് മേല്‍ക്കോടതിയുടെ സാധാരണ നടപടിക്രമമാണ്.