ശബരിമല, പന്പ വികസന മാസ്റ്റർപ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം
Thursday, January 9, 2025 2:33 AM IST
തിരുവനന്തപുരം: ശബരിമലയുടെയും പന്പാനദിയുടെയും സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 1033.62 കോടി രൂപ ചെലവു വരുന്ന ശബരിമല, പന്പ മാസ്റ്റർ പ്ലാനുകൾക്കു മന്ത്രിസഭയുടെ അംഗീകാരം. മാസ്റ്റർ പ്ലാനിന് അനുസൃതമായി തയാറാക്കിയ സന്നിധാനത്തിന്റെയും പന്പ ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനും അംഗീകരിച്ചു.
മൂന്നു ഘട്ടമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ശബരിമല മാസ്റ്റർപ്ലാൻ പദ്ധതി 2039ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടിയും ഉൾപ്പെടെ ആകെ 778.17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം മാനിച്ച് അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്ന തരത്തിലുള്ള ലേഔട്ട് പ്ലാനാണ് തയാറാക്കിയത്.
സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാൻ തയാറാക്കിയത്. മകരവിളക്കിന്റെ കാഴ്ചകൾ സംരക്ഷിക്കുന്നതിനൊപ്പം തിരക്ക് ക്രമീകരിക്കാൻ ക്രൗഡ് മാനേജ്മെന്റിനെ പിന്തുണയ്ക്കാനായി രണ്ട് ഓപ്പണ് പ്ലാസകളും ലേഔട്ട് പ്ലാനിൽ ഉൾപ്പെടുത്തി.
കാനനപാതയിലൂടെ തീർഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിധത്തിൽ റോഡുകൾ ആധുനികവത്കരിക്കും. സങ്കേതങ്ങളും വിശ്രമസ്ഥലങ്ങളും ഒരുക്കും.
പന്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉൾപ്പെടെ ആകെ 207.48 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
പന്പാനദിയുടെ പുനരുദ്ധാരണം, ആചാരാനുഷ്ഠനങ്ങൾ പാലിക്കും വിധം ബലിതർപ്പണങ്ങളും പൂജകളും നടത്തുന്നതിനുള്ള മണ്ഡപങ്ങൾ, തീർഥാടകർക്കുള്ള താമസസൗകര്യം, കടവുകൾ കെട്ടി സംരക്ഷിക്കൽ തുടങ്ങിയവയുമുണ്ടാകും.
ട്രക്ക് റൂട്ടിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉൾപ്പെടെ ആകെ 47.97 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പന്പയുടെയും ട്രക്ക് റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.