യുജിസി ചട്ടഭേദഗതി : സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ഗൂഢപദ്ധതി: മുഖ്യമന്ത്രി
Thursday, January 9, 2025 2:33 AM IST
തിരുവനന്തപുരം: യുജിസി 2025 ലെ ചട്ടഭേദഗതിയുടെ കരടിലുള്ളത് ഉന്നതവിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യുജിസിയും കേന്ദ്രസർക്കാരും അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണ, വർഗീയവത്കരണ, കേന്ദ്രീകരണ നയങ്ങളുടെ തുടർച്ചയാണ് പുതിയ നിർദേശങ്ങൾ.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണം പോലും ചാൻസലറുടെ മാത്രം അധികാരമാക്കി മാറ്റുന്ന പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്.
ഗവർണറുടെ പ്രവർത്തനങ്ങൾ മന്ത്രിസഭയുടെ നിർദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കണമെന്ന ഭരണഘടനാ കാഴ്ചപ്പാടാണ് തകർക്കപ്പെടുന്നത്. സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനമുൾപ്പെടെ കേന്ദ്രസർക്കാർ താത്പര്യ പ്രകാരം തീരുമാനിക്കപ്പെടുന്നത് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളി കൂടിയാണ്. വൈസ് ചാൻസലർ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിർദേശം സർവകലാശാല ഭരണതലപ്പത്തേക്ക് സംഘപരിവാർ ആജ്ഞാനുവർത്തികളെ എത്തിക്കാനുള്ള കുറുക്കുവഴിയാണ്.
സംസ്ഥാന സർവകലാശാലകളുടെ സർവാധികാരിയായി ചാൻസലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നതായും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.