വിദ്യാഭ്യാസ കോണ്‍ക്ലേവിൽനിന്ന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറെ ഒഴിവാക്കി
Tuesday, January 14, 2025 3:07 AM IST
തിരുവനന്തപുരം: ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിൽ നിന്നും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സിസാ തോമസിനെ ഒഴിവാക്കി.
രണ്ടു ദിവസമായി നടക്കുന്ന വിവിധ സെഷനുകളിൽ മറ്റ് വിസിമാരെയും മുൻ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യ സെഷനുകളിൽ മുൻ വിസിമാരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
എംജി വിസി സി. അരവിന്ദ് കുമാർ, മുൻ വിസിമാരായ ഡോ. സാബു തോമസ്, ഡോ.ഗോപിനാഥ് രവീന്ദ്രൻ, എം.വി. നാരായണൻ, പി.ജി. ശങ്കരൻ, ഗംഗൻ പ്രതാപ്, സജി ഗോപിനാഥ് ഉൾപ്പെടെയുള്ളവർ വിവിധ സെഷനുകളിൽ പങ്കെടുക്കുന്പോഴാണ് ഡിജിറ്റൽ സർവകലാശാല വിസിയെ ഒഴിവാക്കിയത്. എന്നാൽ ഡിജിറ്റൽ സർവകലാശാലയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സ്റ്റാൾ കോണ്‍ക്ലേവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടിൽ നടന്ന സൗത്ത് ഇന്ത്യൻ വിസിമാരുടെ കണ്‍വൻഷനിൽ മുഖ്യ പ്രസംഗകരിൽ ഒരാളായിരുന്ന ഡോ. സിസാ തോമസിന് സ്വന്തം സംസ്ഥാനത്തെ കോണ്‍ക്ലേവിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതി ചർച്ചയായിട്ടുണ്ട്.