മകരവിളക്ക് ദര്‍ശനം: സുരക്ഷാ നടപടികൾ പൂര്‍ത്തിയായെന്ന് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വവും
Tuesday, January 14, 2025 3:08 AM IST
കൊച്ചി: ശബരിമലയില്‍ മകരവിളക്ക് ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചു. ഇന്നു വൈകുന്നേരം ദീപാരാധനയ്ക്കു ശേഷമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.
ഇതുവരെയുള്ള ആള്‍ക്കൂട്ട നിയന്ത്രണ നടപടികള്‍ ഫലപ്രദമാണെന്ന് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, വിജു ഏബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിലയിരുത്തി.
മകരജ്യോതി വ്യൂ പോയിന്റുകളില്‍ എല്ലായിടത്തും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതായി സര്‍ക്കാരും ബോര്‍ഡും വ്യക്തമാക്കി.
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് രാവിലെ 11ന് നിലയ്ക്കലും ഉച്ചയ്ക്ക് 12ന് പമ്പയിലും തീര്‍ഥാടകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുടിവെള്ള വിതരണം തടസമില്ലാതെ നടക്കുമെന്ന് ജല അഥോറിറ്റിയും തീര്‍ഥാടകര്‍ക്കായി ബസ് സര്‍വീസുകള്‍ സുഗമമായി നടത്തുമെന്ന് കെഎസ്ആര്‍ടിസിയും ഉറപ്പുനല്‍കി. പാണ്ടിത്താവളത്തെ താത്കാലിക കൗണ്ടറിലും അന്നദാനം തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അതേസമയം, ഹോട്ടലുകളുമായി ബന്ധപ്പെട്ട് പരാതികളെത്തുടര്‍ന്ന് സന്നിധാനത്തു മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ 1,06,000 രൂപ പിഴയിട്ടതായി കോടതി ചൂണ്ടിക്കാട്ടി.