കോളജ് പ്രിന്‍സിപ്പല്‍ നിയമനം: യുജിസി കരട് നിര്‍ദേശം അപ്രായോഗികം: ജി. സുകുമാരന്‍ നായര്‍
Monday, January 13, 2025 2:58 AM IST
ചങ്ങനാശേരി: യുജിസി കരടുനിര്‍ദേശത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കോളജ് പ്രിന്‍സിപ്പല്‍ നിയമനം അപ്രായോഗികവും നിലവിലെ സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. യുജിസി നിബന്ധനകളിലുള്ള എതിരഭിപ്രായം നായര്‍ സര്‍വീസ് സൊസൈറ്റി യുജിസിക്ക് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍നിയമനം യൂണിവേഴ്സിറ്റി നിയമപ്രകാരം യുജിസി നിബന്ധനകളനുസരിച്ചുള്ള തിരഞ്ഞെടുപ്പുകമ്മറ്റിയും യോഗ്യതയും അനുസരിച്ച് നിലവിലുള്ള രീതി തുടരാനുള്ള അനുവാദം പ്രത്യേകമായി യുജിസി നിബന്ധനകളില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് എന്‍എസ്എസ്.ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റി മാതൃനിയമങ്ങളിലും എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ തസ്തിക പ്രമോഷന്‍വഴി സീനിയോറിറ്റിയും യോഗ്യതയും മാനദണ്ഡമാക്കി നിലവിലെ അധ്യാപകരില്‍നിന്നും നികത്തണം എന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്.
2018-ലെ യുജിസി നിബന്ധനകളിലും കരടു നിബന്ധനകളിലും പറഞ്ഞിട്ടുള്ളതുപോലെ പ്രിന്‍സിപ്പല്‍ തസ്തിക നേരിട്ടുള്ള നിയമനംവഴി ഇന്ത്യ ഒട്ടാകെ വിളംബരം ചെയ്ത് നികത്തുക എന്നത് നിലവിലെ കുറ്റമറ്റ നിയമനരീതിയെ സംബന്ധിച്ചിടത്തോളം അശാസ്ത്രീയവും അപ്രായോഗികവുമാണെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
കരടുനിബന്ധനകളില്‍ പറയുന്നതുപ്രകാരം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നരീതി കേരളത്തിലെ സ്വകാര്യകോളജുകളെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്.
സര്‍ക്കാര്‍നോമിനികളെ കിട്ടാന്‍ കോടതികളെ സമീപിക്കേണ്ട ഗതികേടാണ് മാനേജ്മെന്റുകള്‍ക്ക് ഉള്ളത്. അതിനാൽ ഈ നിബന്ധനയും മാറ്റണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്.