പത്തനംതിട്ട പീഡനം: 14 പേർകൂടി അറസ്റ്റിൽ; കുറ്റാരോപിതരായി 58 പേർ
Tuesday, January 14, 2025 1:59 AM IST
പത്തനംതിട്ട: പതിനെട്ടുകാരിയായ പെൺകുട്ടിയെ തുടർച്ചയായ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ 14 പേർകൂടി അറസ്റ്റിലായി. പീഡനവുമായി ബന്ധപ്പെട്ട് 58 പേർ പ്രതികളാകുമെന്ന് സൂചന.
64 പേരാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നെങ്കിലും ആറുപേരെ പ്രതികളാക്കാവുന്ന സാഹചര്യമില്ലെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതിനോടകം 42 പേരാണ് അറസ്റ്റിലായത്.
പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകളുള്ളത്. പത്തനംതിട്ടയിൽ 11 കേസുകളിലായി 26 പേരും ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കളും പിടിയിലായി.
ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടവരിൽ ഇലവുംതിട്ടയിൽ എട്ടു പേരും, പത്തനംതിട്ടയിൽ നാലും പന്തളത്തു രണ്ടുപേരും ഉൾപ്പെടുന്നു. ഇന്നലെ രാത്രി വരെ 28 പേരായിരുന്നു അറസ്റ്റിലായത്. ഇലവുംതിട്ട കേസുകളിൽ അമൽ (18), ആദർശ് (20), ശിവകുമാർ (21), ഉമേഷ് (19), ശ്രീജു (18), അജി (19), അശ്വിൻ (21), സജിൻ (23) എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിൽ അഭിജിത് (19), ജോജി മാത്യു (25), അമ്പാടി (24), അരവിന്ദ് (20), എന്നിവരും പന്തളത്ത് ആകാശ് (19), ആകാശ് (22) എന്നിവരുമാണ് അറസ്റ്റിലായത്.
ഇനി പിടിയിലാകാനുള്ളവരിൽ ഒരാൾ വിദേശത്താണ്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതും ആലോചനയിലാണ്.
ഇനി പിടിയിലാകാനുള്ള മറ്റുള്ളവർ പോലീസിന്റെ നിരീക്ഷണത്തിൽ തന്നെയുണ്ടെന്നാണ് വിവരം. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 25, ഇലവുതിട്ട 15, പന്തളം രണ്ട് എന്നിങ്ങനെയാണ് നിലവിലെ അറസ്റ്റ്. ഇലവുംതിട്ട സ്റ്റേഷനിൽ 16, പത്തനംതിട്ടയിൽ 11, പന്തളം, മലയാലപ്പുഴ സ്റ്റേഷനുകളിൽ ഒരോന്നു വീതം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവിധ ഇടങ്ങളിലായാണ് കുട്ടിക്കു പീഡനം നേരിടേണ്ടിവന്നതെന്നതിനാലാണ് കേസുകളും വിവിധ പോലീസ് സ്റ്റേഷനുകളിലായി എടുത്തിരിക്കുന്നത്. പട്ടികജാതി പീഡനനിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും അടക്കമുള്ള വകുപ്പുകൾ കുറ്റാരോപിതർക്കെതിരേ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.
പീഡനം നേരിട്ട പെൺകുട്ടിയെ ബാലാവകാശ കമ്മീഷൻ അംഗം എൻ. സുനന്ദ സന്ദർശിച്ചു. കോന്നിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിട്ടുള്ള കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ട്.
ആശ്വാസനിധിയിൽനിന്ന് ധനസഹായം അനുവദിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി സുനന്ദ പറഞ്ഞു.