യുഡിഎഫിന് നിരുപാധിക പിന്തുണ; സതീശനോടു മാപ്പു പറഞ്ഞ് അൻവർ
Tuesday, January 14, 2025 3:08 AM IST
തിരുവനന്തപുരം: കേരളത്തിലെ പിണറായിസത്തിനെതിരേയും മലയോര മേഖലയിലെ ജനത്തിനു വേണ്ടിയും പോരാടുമെന്ന് സ്പീക്കർക്കു രാജിക്കത്തു കൈമാറിയ ശേഷം പി.വി. അൻവർ പറഞ്ഞു. എംഎൽഎ സ്ഥാനം രാജി വയ്ക്കാനുള്ള നിർദേശം മുന്നോട്ടുവച്ചത് തൃണമൂൽ കോണ്ഗ്രസ് നേതാവ് മമത ബാനർജിയാണ്.
രാജിവക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. തൃണമൂൽ കോണ്ഗ്രസ് നേതാക്കളെ കണ്ടു. വീഡിയോ കോണ്ഫറൻസിൽ മമതയുമായി സംസാരിച്ചു. രാജിവയ്ക്കുന്ന കാര്യം സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നുവെന്നും പി.വി. അൻവർ വ്യക്തമാക്കി.
നിലന്പൂരിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു നിരുപാധിക പിന്തുണയെന്നും അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിലന്പൂരിൽ സ്ഥാനാർഥിയാകാനില്ല.
മലയോര മേഖലയായ നിലന്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർഥിയാക്കണമെന്നാണ് അഭ്യർഥന. പ്രദേശത്ത് ഏറ്റവും പ്രശ്നം നേരിടുന്നതു ക്രൈസ്തവ വിഭാഗമാണ്. അതിനാൽ മലപ്പുറം ഡിസിസി പ്രസിഡന്റായ വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർഥിയാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ അഴിമതിയാരോപണം ഉന്നയിച്ചതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ്. സഭയിൽ താൻതന്നെ അഴിമതിയാരോപണം ഉന്നയിക്കണമെന്നു ശശി ആവശ്യപ്പെട്ടു.
ആരോപണം ശരിയാണോയെന്നു ചോദിച്ചപ്പോൾ, പൂർണമായും ശരിയാണെന്നായിരുന്നു ശശി നൽകിയ മറുപടി. ഇതിൽ എഴുപതു ശതമാനം ശരിയുണ്ടെന്നു താനും വിശ്വസിച്ചു. പിന്നീടാണു തനിക്കു മനസിലായത് തന്നെ ഒരു സ്ഥലത്തുകൊണ്ടുപോയി ലോക്ക് ചെയ്യാൻ ശശി തീരുമാനിച്ചിരിക്കുന്നുവെന്ന്.
തനിക്ക് ഇക്കാര്യത്തിൽ തെറ്റു പറ്റി. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാവിനോടു മാപ്പു ചോദിക്കുന്നു. തന്റെ ആരോപണത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായ വിഷമത്തിൽ ഖേദിക്കുന്നു. പ്രതിപക്ഷ നേതാവ് തന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്നും അൻവർ പറഞ്ഞു.
നിലന്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ആരാണ് ഈ ആര്യാടൻ ഷൗക്കത്തെന്നായിരുന്നു അൻവറിന്റെ മറുപടി. ആര്യാടൻ മുഹമ്മദിന്റെ മകനല്ലേ? സിനിമ എടുക്കുന്ന ആൾ അല്ലേ? അദ്ദേഹം സാംസ്കാരിക പ്രവർത്തകനാണ്. അദ്ദേഹം നാട്ടിലുണ്ടോ എന്നും അൻവർ പരിഹസിച്ചു. ഷൗക്കത്ത് മത്സരിച്ചാൽ പിന്തുണ നൽകില്ലെന്നും അൻവർ പറഞ്ഞു.
സംസ്ഥാനം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി ആക്രമണങ്ങളാണ്. ഇതിൽ ശക്തമായ നിലപാടു പാർലമെന്റിൽ സ്വീകരിക്കണമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർലമെന്റിൽ പ്രശ്നം ഉന്നയിക്കാമെന്നു മമത തനിക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും അൻവർ പറഞ്ഞു.