റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഒരാൾ മരിച്ചു
Tuesday, January 14, 2025 3:08 AM IST
വടക്കാഞ്ചേരി: ജോലി തേടിയെത്തി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഒരാൾ മരിച്ചു. രണ്ടാമത്തെയാൾ പരിക്കേറ്റ നിലയിൽ മോസ്കോയിലെത്തി.
റഷ്യയിൽ കുടുങ്ങിയ തൃശൂർ കുട്ടനെല്ലൂർ സ്വദേശി തോലത്ത് ബാബുവിന്റെ മകൻ ബിനിൽ ബാബു (27) മരിച്ചെന്നാണ് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചത്. കൂടെയുണ്ടായിരുന്ന കുറാഞ്ചേരി സ്വദേശി ജെയിനാണു പരിക്കേറ്റ നിലയിൽ മോസ്കോയിലെ ആശുപത്രിയിലുള്ളത്.
റഷ്യൻ അധിനിവേശ യുക്രെയ്ൻ മേഖലയിൽനിന്നാണ് ജെയിൻ മോസ്കോയിൽ എത്തിയിട്ടുള്ളത്. ജെയിൻ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ, മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. യുക്രെയ്നിൽനിന്നുണ്ടായ ഷെൽ ആക്രമണത്തിൽ ബിനിലിനു പരിക്കേറ്റതായി കഴിഞ്ഞയാഴ്ച വിവരം ലഭിച്ചിരുന്നു.
യുവാക്കളെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണു ബിനിലിന്റെ മരണം. ജെയിനെ രണ്ടുദിവസം മുന്പാണ് മോസ്കോയിലുള്ള ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു.
കഴിഞ്ഞവർഷം ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തുന്നത്. അതിനുശേഷം ഒരു ബന്ധു ഇവരെ ചതിക്കുകയും ഇരുവരും കൂലിപ്പട്ടാളത്തിൽ അകപ്പെട്ടുപോകുകയുമായിരുന്നു എന്നു പറയുന്നു.