പിസ്തയുടെ തൊണ്ട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരൻ മരിച്ചു
Monday, January 13, 2025 2:59 AM IST
കുമ്പള: പിസ്തയുടെ തൊണ്ട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരൻ മരിച്ചു.
കുമ്പള ഭാസ്കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണു മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽവച്ചാണ് പിസ്തയുടെ തൊലി കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയത്.
തൊലിയുടെ ഒരു ഭാഗം വീട്ടുകാർ തന്നെ കൈകൊണ്ട് എടുത്തുമാറ്റിയിരുന്നു. പിന്നീട് കുമ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയപ്പോൾ പ്രശ്നമില്ലെന്നുപറഞ്ഞ് വീട്ടിലേക്ക് മടക്കിയതായിരുന്നു.
ഇന്നലെ പുലർച്ചെ കുട്ടിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ട് സ്ഥിതി ഗുരുതരമാകുകയായിരുന്നു. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണു മരണം. വിദേശത്തുള്ള പിതാവ് അൻവർ എത്തിയതിനുശേഷം കബറടക്കം നടത്തും. സഹോദരി: ഐഷു.