അൻവറിന്റെ ധാർമികത ജനതാദൾ ചിഹ്നത്തിൽ മത്സരിച്ചവർക്കും ബാധകം: സുമേഷ് അച്യുതൻ
Tuesday, January 14, 2025 3:08 AM IST
തത്തമംഗലം: എംഎൽഎസ്ഥാനം രാജിവച്ച് പി.വി. അൻവർ കാണിച്ച രാഷ്ട്രീയധാർമികത ജനതാദൾ ചിഹ്നത്തിൽ മത്സരിച്ചവർക്കും ബാധകമാണെന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ എതിർസ്ഥാനാർഥിയായിരുന്ന സുമേഷ് അച്യുതൻ.
സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചിട്ടുപോലും തന്നെ പിന്തുണച്ച മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെതുടർന്നാണ് അൻവർ രാജിവച്ചത്.
എന്നാൽ, തങ്ങൾക്കു ചിഹ്നം അനുവദിച്ച ജനതാദൾ-എസ് ദേശീയനേതൃത്വവുമായി ബന്ധമില്ലെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസ് എംഎൽഎയും പുറത്തുപറയുന്നത്.
അങ്ങനെയെങ്കിൽ രാജിവയ്ക്കാൻ ഇരുവർക്കും നിയമപരമായും ധാർമികമായും ബാധ്യതയുണ്ടെന്ന് സുമേഷ് പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപിക്കൊപ്പവും കേരളത്തിൽ സിപിഎമ്മിനൊപ്പവും നിൽക്കുന്ന പാർട്ടിയെ തള്ളിപ്പറയാൻ സിപിഎം സംസ്ഥാനനേതൃത്വം മടിക്കുന്നതിന്റെ കാരണം വ്യക്തമാണ്.
ബിജെപിക്കും സിപിഎമ്മിനും ഇടയ്ക്കുള്ള പാലമായി പ്രവർത്തിക്കുന്ന ജനതാദൾ -എസിനെ പൊതുമധ്യത്തിൽ തുറന്നുകാട്ടുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.