യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: അഞ്ചുപേർ അറസ്റ്റിൽ
Monday, January 13, 2025 2:58 AM IST
കോഴിക്കോട്: കോഴിക്കോട് ബീച്ചിനടുത്തുള്ള കോഫി ഷോപ്പില്‍ യുവാവിനെ കുത്തിക്കൊല
പ്പെടുത്താന് ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
മനു എന്നയാളെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലായി ചക്കുംകടവ് ആയിരംവീട്ടില്‍ മുസ്തഫ എന്ന മുസ്തു(41), ചക്കുംകടവ് ആയിരംവീട്ടില്‍ മുഹമ്മദ് റാഫി എന്ന ആപ്പി(37), മൂരാട് ഇരിങ്ങല്‍ മണപ്പുറം വയലില്‍ കെ.കെ. റംഷീദ് (32), അരക്കിണര്‍ ചാക്കിരിക്കാട് പറമ്പ് പുത്തന്‍വീട്ടില്‍ പി.എ. മാഹിന്‍ , നല്ലളം വെസ്റ്റ് ബസാര്‍ തെക്കേ തിരുത്തിമ്മല്‍ പറമ്പ് കെ. റഫീഖ് (45) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബര്‍ 21നാണ് കേസിന്നാസ്പദമായ സംഭവം. കോര്പറേഷന് ഓഫീസിനടുത്തുള്ള കോഫി ഷോപ്പില്‍ നില്‍ക്കുകയായിരുന്ന മനുവിനെ പ്രതികള്‍ വയറ്റിന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
നേരത്തേ മനുവിന്റെ സുഹൃത്തിനെ ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ വെള്ളയില്‍ പോലീസില്‍ പരാതി നല്കാന് സുഹൃത്തിനെ മനു സഹായിച്ചിരുന്നു. ഇതിലുള്ള വിരോധം വെച്ച് പ്രതികള്‍ മനുവിനെ ആക്രമിക്കുകയായിരുന്നു.
അതേസമയം പണമിടപാട് സംഭവങ്ങളിലും മറ്റും നിയമ വിരുദ്ധമായി ഇടപെടുന്ന സംഘങ്ങളുടെ കുടിപ്പകയും മേധാവിത്വത്തിന് വേണ്ടിയുള്ള മത്സരത്തിന്റെയും ഭാഗമായാണ് ആക്രമണമെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ക്കെതിരേ കൊണ്ടോട്ടി, പന്നിയങ്കര, ടൗൺ, നടക്കാവ് പോലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചാ കുറ്റത്തിന് ഉള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ട്.