ഡോ. ജോർജ് തോമസിനും ഡോ. ജേക്കബ് മണ്ണുംമൂടിനും എംജിഎം ഗുരുരത്നം പുരസ്കാരം
Tuesday, January 14, 2025 3:07 AM IST
കൊച്ചി: എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് വിദ്യാഭ്യാസ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് ഗുരുരത്നം പുരസ്കാരം പ്രഖ്യാപിച്ചു.
തിരുവനന്തപുരം ഐഐഎസ്ആര്‍ സീനിയര്‍ പ്രഫസറും ഡീനുമായ ഡോ. ജോര്‍ജ് തോമസ്, പത്തനംതിട്ട വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് പ്രിന്‍സിപ്പൽ ഡോ. ജേക്കബ് മണ്ണുംമൂട് എന്നിവര്‍ക്കാണ് പുരസ്കാരം.
എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, എംജിഎം ഗ്രൂപ്പ് ചെയര്മാന് ഡോ. ഗീവര്‍ഗീസ് യോഹന്നാന്, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്, എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സിഇഎസ് ഗോപിനാഥ് മഠത്തില്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം എറണാകുളം കണ്ടനാട് എംജിഎം സ്കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് അക്കാഡമി അഡ്വൈസറി ബോര്‍ഡ് കമ്മിറ്റിയംഗങ്ങളായ ഡോ. ജി. ഗോപകുമാര്‍, ഗോപിനാഥ് മഠത്തില്‍, വിനോദ് തോമസ്, ആല്‍ഫാ മേരി, ഉമാ സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.