അൻവറിന്റെ യാത്ര യുഡിഎഫിന്റെ തിരക്കഥയിലൂടെ: വിജയരാഘവൻ
Tuesday, January 14, 2025 3:08 AM IST
തൃശൂർ: കേരളത്തെ വർഗീയമായി ചേരിതിരിരിക്കുക, ആ വർഗീയചേരിയെ യുഡിഎഫിന്റെ പിന്നിൽ അണിനിരത്തുക എന്നതാണ് പി.വി. അൻവറിന്റെ ലക്ഷ്യമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
കേരളത്തിലെ ഇടതുപക്ഷത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്തതിനാൽ എല്ലാ വിഷയവും വർഗീയവത്കരിക്കുകയും സാമുദായികവത്കരിക്കുകയും ചെയ്യുകയാണ്. യുഡിഎഫ് തയാറാക്കിയ തിരക്കഥയിലൂടെയാണ് അൻവർ യാത്രചെയ്യുന്നത്. യുഡിഎഫിനു പറയാൻ പറ്റാത്ത കാര്യങ്ങൾ അൻവറിനെക്കൊണ്ട് പറയിപ്പിക്കുന്നു. പറയുന്നതെല്ലാം പതിരാണ്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ ആരോപണങ്ങൾ ആവർത്തിച്ചാൽ പ്രത്യേക പിന്തുണ കിട്ടുമെന്നതു തെറ്റിദ്ധാരണയാണ്. രാഷ്ട്രീയനേട്ടമുണ്ടാക്കാൻ യുഡിഎഫ് എളുപ്പവഴി തേടുകയാണ്.
ജനങ്ങൾ പുറംതള്ളുമെന്നുള്ളതിനാലാണു വീണ്ടും മത്സരിക്കാനില്ലെന്ന് അൻവർ പറയുന്നത്. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചത് യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്.
അൻവറിന്റെ സമരപരിപാടി ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറാണ് ഉദ്ഘാടനം ചെയ്തത്.കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെല്ലാം അൻവർ പറയുന്നതിന്റെ അനുബന്ധ സംസാരക്കാരായി മാറി.
വന്യജീവിസംഘർഷം പാരിസ്ഥിതികപ്രശ്നങ്ങളുടെ ഭാഗമാണ്. അതു രാഷ്ട്രീയവിഷയമല്ല. എന്നാൽ, വർഗീയവിഷയവുമാക്കുകയാണെന്ന് വിജയരാഘവൻ പറഞ്ഞു.