പീച്ചി ഡാം റിസർവോയറിൽ വീണു ; മൂന്നു പെൺകുട്ടികളുടെ നില അതീവ ഗുരുതരം
Monday, January 13, 2025 2:58 AM IST
പീച്ചി: പള്ളിക്കുന്ന് അങ്കണവാടിക്കു സമീപം ഡാം റിസർവോയറിൽ നാലു പെണ്‍കുട്ടികൾ അപകടത്തിൽപ്പെട്ടു. പീച്ചി പുളിമാക്കൽ ജോണിയുടെ മകൾ നിമ (16), പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നിമ ഒഴികെ മറ്റു മൂന്നുപേരുടെ നില അതീവഗുരുതരമാണ്. നാലുപേരും വെന്റിലേറ്ററിലാണ്.
ആശുപത്രിയിലെത്തുന്ന സമയത്ത് കുട്ടികളുടെ പൾസ് സാധാരണനിലയിലായിരുന്നില്ല. ഇതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. നിമയുടെ വീട്ടിൽ പീച്ചി പള്ളിയിലെ തിരുനാളിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടികൾ. ആഘോഷത്തിനുശേഷം പീച്ചി ഡാം കാണാനായി പോകുകയായിരുന്നു. തെക്കേക്കുളം അങ്കണവാടിയുടെ ഭാഗത്തെ പാറക്കെട്ടിൽ നിന്നിരുന്ന കുട്ടികൾ കാൽവഴുതി റിസർവോയറിലേക്കു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടു കുട്ടികളാണ് ആദ്യം കാൽതെന്നിവീണത്.
ഇതിനുപിന്നാലെ മറ്റു രണ്ടുപേരും രക്ഷിക്കാൻ ഇറങ്ങിയതാണെന്നാണ് കരുതുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മുനന്പത്ത് ലൈഫ് ഗാർഡ് ആയി ജോലിചെയ്യുന്ന പീച്ചി സ്വദേശി മെജോയും സുഹൃത്തുക്കളും ചേർന്നാണ് കുട്ടികളെ പുറത്തെത്തിച്ചത്.
സംഭവസ്ഥലത്തുതന്നെ സിപിആർ നൽകിയാണ് ആംബുലൻസിൽ കയറ്റിയത്. ഇത് അപകടത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായകമായെന്ന് പ്രദേശവാസികൾ പറഞ്ഞു. കുട്ടികൾ വീണ തെക്കേകുളം ഭാഗത്ത് വെള്ളത്തിന് 40 അടിയോളം ആഴമുണ്ട്.
റിസർവോയറിന്റെ ചതുപ്പുപ്രദേശത്താണ് കുട്ടികൾ കുടുങ്ങിയത്. ഈ ഭാഗത്ത് വെള്ളത്തിന് മർദം കൂടുതലാണെന്നും പറയുന്നു.
റിസർവോയറിന്റെ നടുഭാഗത്തേക്കെത്തിയിരുന്നെങ്കിൽ വിവരം പുറത്തറിയാനും വൈകുമായിരുന്നു.