ആർടിഒ ചെക്പോസ്റ്റുകളിൽ വിജിലൻസ് റെയ്ഡ് ; പിടിച്ചെടുത്തത് ഒന്നരലക്ഷത്തോളം കൈക്കൂലിപ്പണം
Tuesday, January 14, 2025 1:59 AM IST
പാലക്കാട്: തമിഴ്നാട് അതിര്‍ത്തിയിലെ ആർടിഒ ചെക്പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നൽപരിശോധന. ഓഫീസുകളില്‍ പലയിടങ്ങളിലായി ഒളിപ്പിച്ചിരുന്ന കൈക്കൂലിപ്പണമായ1,49,490 രൂപ പിടിച്ചെടുത്തു. കുറ്റക്കാരെന്നു കണ്ടെത്തിയ 13 ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് നടപടിക്കു ശിപാർശചെയ്തു.
വെള്ളിയാഴ്ച രാത്രി പതിനൊന്നിനു തുടങ്ങി പുലര്‍ച്ചെ മൂന്നുവരെ നീണ്ട പരിശോധനയിലാണു കൈക്കൂലിപ്പണം കണ്ടെത്തിയത്. വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം ചെക് പോസ്റ്റുകളിലായിരുന്നു റെയ്ഡ്.
പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി എസ്. ഷംസുദീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തിലേക്കുള്ള തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്നടക്കം വ്യാപകമായി പണപ്പിരിവ് നടത്തുന്നു എന്ന പരാതികളെത്തുടര്‍ന്ന് എറണാകുളം വിജിലന്‍സ് റേഞ്ച് എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. ചെക്പോസ്റ്റ് പരിസരത്തു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വേഷംമാറി കാത്തുനില്ക്കുമ്പോഴും വാഹനങ്ങള്‍ നിര്‍ത്തി ഡ്രൈവര്‍മാര്‍ ചെക്പോസ്റ്റിലെത്തി പണംനല്‍കി മടങ്ങുന്നതായി കണ്ടെത്തി.
വാളയാര്‍ ഇന്‍ ചെക്പോസ്റ്റില്നിന്നുമാത്രം രണ്ടുമണിക്കൂറിനുള്ളിൽ 90,650 രൂപ കണ്ടെടുത്തു. ഇവിടെ ചെക്പോസ്റ്റ് ചുമതലയില്‍ ഒരു ഇന്‍സ്പെക്ടറും മൂന്ന് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. വാളയാര്‍ ഔട്ട് ചെക്പോസ്റ്റില്‍നിന്ന് 29,000 രൂപയാണു കണ്ടെടുത്തത്. ഗോവിന്ദാപുരത്തുനിന്ന് 10,140 രൂപയും ഗോപാലപുരത്തുനിന്ന് 15,650 രൂപയും പിടിച്ചെടുത്തു. മീനാക്ഷിപുരം ചെക്പോസ്റ്റില്‍നിന്നു ലഭിച്ചതു 4,050 രൂപയാണ്.