അൻവർ പറഞ്ഞത് പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കും: പി. ശശി
Tuesday, January 14, 2025 3:08 AM IST
തിരുവനന്തപുരം: പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശ്യ ത്തോടുകൂടിയുള്ളതുമാണ്. പ്രതിപക്ഷ നേതാവിനെതിരേ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടു എന്ന് പി.വി. അൻവർ പറഞ്ഞതു പച്ചക്കള്ളമെന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി.
അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. അൻവറിന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശശി പറഞ്ഞു.
പുതിയ രാഷ്്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്.
നിലനിൽപ്പിനുവേണ്ടി പ്രതിപക്ഷ നേതാവിനോടു മാപ്പു ചോദിക്കുന്നതിനായി തന്റെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനാണ് അൻവർ ശ്രമിക്കുന്നത്.
ഇതിനുമുന്‍പും തനിക്കെതിരേ തികച്ചും അവാസ്തവമായ ആരോപണങ്ങൾ അൻവർ ഉന്നയിച്ചിരുന്നു.
തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നു പോലും തെളിയിക്കാൻ കഴിയത്തതിന്റെ ജാള്യത്തില്‍ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് പി.വി. അൻവറെന്നും പി. ശശി പറഞ്ഞു.