പള്ളിവാസൽ വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനു സജ്ജമായി
Monday, January 13, 2025 2:59 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: 60 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനു സജ്ജമായി. 2010ൽ ഉദ്ഘാടനം ചെയ്ത കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ പദ്ധതിക്കുശേഷം സംസ്ഥാനത്ത് കമ്മീഷൻ ചെയ്യാൻപോകുന്ന ഏറ്റവും വലിയ പ്രോജക്ടാണിത്.
മുഖ്യമന്ത്രിയുടെ സമയക്രമമനുസരിച്ച് ഈമാസം അവസാനത്തോടെ ഉദ്ഘാടനം നടത്താനാണ് വൈദ്യുതി ബോർഡിന്റെ ശ്രമം. പദ്ധതിയുടെ ട്രയൽ റണ്‍ ആരംഭിച്ചു. 30 മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള രണ്ടു ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് ഇതുവരെ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചുകഴിഞ്ഞു.
2006 ഡിസംബർ 26ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ. ബാലനാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി കമ്മീഷനിംഗിനു സജ്ജമാകുന്നത് 18 വർഷത്തിനുശേഷമാണ്. 268.01 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കി ആരംഭിച്ച പദ്ധതിക്ക് ഇതുവരെ 600 കോടിയോളം ചെലവഴിച്ചുകഴിഞ്ഞു. 153 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽനിന്ന് പ്രതിവർഷം സംസ്ഥാനത്തിന് ലഭിക്കുന്നത്.
മുംബൈ ആസ്ഥാനമായുള്ള എസ്ആർ ഗ്രൂപ്പും ചൈനീസ് കന്പനിയായ ഡിഇസിയും ഹൈദരാബാദിലെ സിപിപിഎൽ കന്പനിയും ഉൾപ്പെട്ട കണ്‍സോർഷ്യം 2007 നവംബറിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനം തുടങ്ങി. വിവിധ കാരണങ്ങളാൽ ജോലികൾ ഇഴഞ്ഞതോടെ 2018 ജൂലൈ 16ന് കരാർ റദ്ദാക്കുകയായിരുന്നു.
റെയിൽ പദ്ധതികളിലെ അനുഭവജ്ഞാനത്തിൽ മെട്രോമാൻ ഇ. ശ്രീധരൻ നേരിട്ടെത്തി മാർഗനിർദേശം നൽകിയെങ്കിലും നടപ്പായില്ല. തുടർന്ന് ഏറെക്കാലം നിർമാണം നിലച്ചു. നിർമാണം പൂർത്തിയാക്കാൻ 2018 മാർച്ചിൽ ഡൽഹി ആസ്ഥാനമായുള്ള ഭൂമി കണ്‍സ്ട്രക്ഷനു കരാർ നൽകി.ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇവർ ടണൽ പൂർത്തിയാക്കിയത്.
2018, 2019 വർഷങ്ങളിലെ പ്രളയവും കോവിഡ് പ്രതിസന്ധിയും നിർമാണത്തിൽ ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. കോടികളുടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന വെള്ളം മൂന്നാറിലെ ആർഎ ഹെഡ്വർക്സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്തിയാണ് പള്ളിവാസൽ എക്സ്റ്റൻഷന്‍ രൂപകല്പന നൽകിയത്. കുണ്ടള ഡാമിൽനിന്നുള്ള വെള്ളം മാട്ടുപ്പെട്ടിയിലും അവിടെനിന്നു മൂന്നാർ ഹെഡ് വർക്സ് ഡാമിലും എത്തിച്ചശേഷം ടണൽവഴിയും പെൻസ്റ്റോക്ക് പൈപ്പ് വഴിയും വെള്ളം എത്തിച്ചാണ് ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്.
പള്ളിവാസൽ പദ്ധതികൂടി കമ്മീഷൻ ചെയ്യുന്നതോടെ പൊതുമേഖലയിൽ 44-ാമത്തെയും ഇടുക്കി ജില്ലയിലെ 13-ാമത്തെയും പദ്ധതിയായി ഇതു മാറും. കഴിഞ്ഞ ഒക്ടോബറിൽ 40 മെഗാവാട്ട് ഉത്പാദനശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തിരുന്നു. ഇതോടൊപ്പം പള്ളിവാസൽ പദ്ധതിയും ഉദ്ഘാടനം നടത്താനായിരുന്നു ശ്രമം.
എന്നാൽ, നിർമാണം പൂർത്തിയാകാത്തതിനാൽ നീണ്ടുപോകുകയായിരുന്നു. 188 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ തൊട്ടിയാർ പദ്ധതിയിൽ 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദനലക്ഷ്യം.