ട്രാൻസ്പോർട്ട് കമ്മീഷണറുടെ വിചിത്ര ഉത്തരവ്; മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിൽ അഴിമതിക്കു കളമൊരുങ്ങുന്നു
Tuesday, January 14, 2025 1:59 AM IST
റെനീഷ് മാത്യു
കണ്ണൂർ: മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിൽ അഴിമതിക്കു കളമൊരുക്കുന്നത് ട്രാൻസ്പോർട്ട് കമ്മീഷണറുടെ വിചിത്ര ഉത്തരവ്. കഴിഞ്ഞ ദിവസം വാളയാറടക്കം അഞ്ച് അതിർത്തി ചെക്ക്പോസ്റ്റുകളിൽ വിജിലൻസ് സ്പെഷൽ സെൽ മധ്യമേഖല നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
വാഹൻ ചെക്ക്പോസ്റ്റ് മൊഡ്യൂൾ നടപ്പാക്കിയപ്പോൾ മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലെ അഴിമതി അവസാനിക്കേണ്ടതായിരുന്നു. വാഹൻ ചെക്ക്പോസ്റ്റ് മൊഡ്യൂൾ പ്രാബല്യത്തിൽ വന്നതോടെ ഡ്രൈവർമാർക്ക് ഓൺലൈനായി സ്പെഷൽ പെർമിറ്റ്, താത്കാലിക പെർമിറ്റ് എന്നിവ എടുക്കാൻ സാധിക്കും.
നികുതിയും ഓൺലൈനായി അടയ്ക്കാം. ഈ സേവനങ്ങൾക്കായി ചെക്ക്പോസ്റ്റിൽ വാഹനം നിർത്തി വെഹിക്കിൾ ഇൻസ്പെക്ടർമാരെ കാണേണ്ട ആവശ്യമില്ല. എന്നാൽ, വാഹൻ ചെക്ക്പോസ്റ്റ് നടപ്പാക്കികൊണ്ടുള്ള ഉത്തരവിൽത്തന്നെ ട്രാൻസ്പോർട്ട് കമ്മീഷണർ ഒരു നിർദേശം വച്ചതാണ് അഴിമതിക്കു കളമൊരുങ്ങിയത്.
വാഹൻ ചെക്ക്പോസ്റ്റ് മൊഡ്യൂൾ വഴി ഓൺലൈനായി അടയ്ക്കുന്ന ടാക്സിന്റെയും പെർമിറ്റിന്റെയും പ്രിന്റ് എടുത്ത് ഡ്രൈവർമാർ ചെക്ക്പോസ്റ്റിൽ കൊണ്ടുപോയി വെഹിക്കിൾ ഇൻസ്പെക്ടറെ കാണിച്ചു സീൽ അടിപ്പിക്കണം.
മോട്ടോർ വാഹനവകുപ്പ് എല്ലാ ഡോക്യുമെന്റ്സും ഡിജിറ്റലാക്കുന്പോഴാണ് ചെക്ക്പോസ്റ്റുകളിൽ പ്രാകൃത രീതി തുടരുന്നത്. ചെക്ക്പോസ്റ്റിൽ മാത്രം ഓൺലൈനും ഡിജിറ്റലും പറ്റില്ല. ഓൺലൈൻ അടച്ചിട്ട് അതിന്റെ പ്രിന്റ് എടുത്തു ചെക്ക്പോസ്റ്റിൽ വാഹനം നിർത്തി കാണിച്ചു സീൽ അടിപ്പിക്കണം.
ഈ നിർദേശം പിൻവലിച്ചാൽ മോട്ടോർ വാഹന ചെക്ക്പോസ്റ്റിലെ കൊള്ളയും പണപ്പിരിവും നില്ക്കും. ചെക്ക്പോസ്റ്റിലും ടാക്സ്, പെർമിറ്റ് ഇവ ഓൺലൈനും ഡിജിറ്റലും മതി എന്നു തീരുമാനിച്ചാൽ ഒരു വാഹനവും ചെക്ക്പോസ്റ്റിൽ നിർത്തേണ്ട സാഹചര്യമുണ്ടാകില്ല. ഡ്രൈവർ ചെക്ക്പോസ്റ്റിൽ പോകേണ്ടതോ പണം കൊടുക്കേണ്ടതോ ആയ ആവശ്യവുമില്ല.