അതിരൂപത ആസ്ഥാനത്തെ സംഘര്‍ഷം: 21 വൈദികര്‍ക്കെതിരേ കേസെടുത്തു
Monday, January 13, 2025 2:58 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് ശനിയാഴ്ച നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 21 വൈദികര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.ആര്‍ച്ച്ബിഷപ് ഹൗസില്‍ അതിക്രമിച്ചുകയറി നാശനഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണു കേസ്.
എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ മര്‍ദിച്ചതിനും അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയ്ക്കുമാണ് കേസുകൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഏതാനും വൈദികര്‍ക്കും പരിക്കേറ്റിരുന്നു.
ആര്‍ച്ച്ബിഷപ് ഹൗസിനു മുന്നിലെ റോഡ് ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറുവരെ ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേയും കേസുണ്ട്. നിയമവിരുദ്ധമായി സംഘംചേരല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അക്രമമുണ്ടാക്കാന്‍ ശ്രമിച്ചതിന് അങ്കമാലി സ്വദേശിയെ പോലീസ് കരുതല്‍ തടങ്കലിലാക്കി.
വ്യാഴാഴ്ച രാവിലെയാണ് 21 വൈദികര്‍ ബിഷപ് ഹൗസില്‍ പ്രവേശിച്ച് പ്രാര്‍ഥനായജ്ഞം തുടങ്ങിയത്. ഇവരോട് പിരിഞ്ഞു പോകാനാവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇവര്‍ക്ക് പിന്തുണയുമായി കൂടുതൽ ആളുകളെത്തിയതോടെ ബിഷപ് ഹൗസ് പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. മാറാന്‍ വിസമ്മതിച്ച വൈദികരെ പോലീസ് വലിച്ചിഴച്ചാണ് പുറത്തെത്തിച്ചത്. ചില വൈദികർക്കു പരിക്കേറ്റതായും ആരോപണമുണ്ട്.
മാര്‍ പാംപ്ലാനി ചുമതലയേറ്റു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയായി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ചുമതലയേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലില്‍ പ്രത്യേക പ്രാര്‍ഥനയോടെയാണ് ചുമതലയേറ്റെടുത്തത്.
പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിച്ചു.