ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം: ബിഷപ് ചക്കാലക്കല്‍
Monday, January 13, 2025 2:58 AM IST
നെയ്യാറ്റിന്‍കര: കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു. പ്രത്യാശയില്‍ നിരാശരാകാതിരിക്കുക എന്നതാണു സഭയുടെ നിലപാട്. തെരഞ്ഞെടുപ്പില്‍ പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരം എന്നതാണ് സഭയുടെ സമീപനമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ നടന്ന 44 -ാമത് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്കുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനന്പം പ്രശ്നം ഉടൻ പരിഹരിക്കണം
മുനന്പം കടപ്പുറം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ അതീവഗുരുതരമായ ജീവല്‍പ്രശ്നം നീതിപൂര്‍വം പരിഹരിക്കണം. അവിടുത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിന് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടി ജനറല്‍ അസംബ്ലി സ്വാഗതം ചെയ്യുന്നു.
ദളിത് ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം തമിഴ്നാട് സര്‍ക്കാര്‍ പ്രമേയം അംഗീകരിച്ച് കേന്ദ്രസര്‍ക്കാരിന് നല്കിയതുപോലെ കേരള സര്‍ക്കാരും ഈ ആവശ്യം കേന്ദ്രത്തോട് ഉന്നയിക്കണം.
വനം നിയമ ഭേദഗതിയിൽ ആശങ്ക
കേരള ഫോറസ്റ്റ് നിയമം (1961) പരിഷ്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള ഭേദഗതികള്‍ ഏറെ ആശങ്കയുളവാക്കുന്നവയാണ്. ജനങ്ങളെയല്ല, മൃഗങ്ങളെ സംരക്ഷിക്കാനാണ് ഈ പുതിയ നിയമം.
വന്യജീവിശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതു ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ വനംവകുപ്പ് പ്രകടിപ്പിക്കുന്ന നിസംഗതയും അനാസ്ഥയും അവസാനിപ്പിക്കണം.
ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ 2021 മുതല്‍ നടത്തിയ എയ്ഡഡ് അധ്യാപക- അനധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കുന്നില്ലായെന്നത് ഗൗരവമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേരളതീരം സംരക്ഷിക്കുന്നതിന് ശാസ്ത്രീയവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പദ്ധതികള്‍ അടിയന്തരമായും ഫലപ്രദമായും നടപ്പിലാക്കണം.
മുതലപ്പൊഴിയില്‍ ജീവന് പൊലിയാതിരിക്കാന്‍ ശാശ്വത പരിഹാരം കാണണമെന്നും വിഴിഞ്ഞം സമരം, മുതലപ്പൊഴി വിഷയം എന്നിവയുമായി ബന്ധപ്പെട്ട് സഭ, സാമുദായിക പ്രതിനിധികള്‍ക്കെതിരേ എടുത്ത എല്ലാ ക്രിമിനല്‍ കേസുകളും പിന്‍വലിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു.
പുതുവൈപ്പ് കേസിൽ സർക്കാർ ഇടപെടണം
പുതുവൈപ്പിലെ വാതക സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളം, മുളവുകാട്, ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനുകളിലായി എടുത്ത കേസുകളില്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രോസിക്യൂഷന് നടപടികള്‍ പിന്‍വലിക്കണം. നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും കുടിശിക തീര്‍ത്ത് അടിയന്തരമായി വിതരണം ചെയ്യണമെന്നതടക്കമുള്ള പ്രമേയങ്ങള്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ട്രഷറര്‍ ബിജു ജോസി, സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍, പ്രബലദാസ്, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെസിവൈഎം ലാറ്റിന്‍ ജനറല്‍ സെക്രട്ടറി അനുദാസ്, നെയ്യാറ്റിന്‍കര പാസ്റ്ററല്‍ സെക്രട്ടറി പി.ആര്. പോള്‍ എന്നിവര്‍ സംബന്ധിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ജനറല്‍ അസംബ്ലിയുടെ സമാപന ദിവസമായ ഇന്നലെ നടന്ന സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സന്ദേശം നല്കി.
നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ട്രഷറര്‍ ബിജു ജോസി, സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍, പ്രബലദാസ്, ബിസിസി കമ്മീഷന് സെക്രട്ടറി ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍, അജിത് തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 12 രൂപതകളില്‍നിന്നുള്ള ബിഷപ്പുമാര്‍ ഉള്‍പ്പെടെ ഇരുനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.