അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു
Tuesday, January 14, 2025 3:08 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. നിലന്പൂർ മണ്ഡലത്തെയാണ് അൻവർ പ്രതിനിധീകരിച്ചിരുന്നത്. ഇന്നലെ രാവിലെ ഒൻപതുമണിയോടെ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെ നേരിൽക്കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്.
വാഹനത്തിലെ എംഎൽഎ ബോർഡ് ഒഴിവാക്കിയാണു അൻവർ നിയമസഭയിൽ സ്പീക്കറെ കാണാനെത്തിയത്. തൃണമൂൽ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായി ചുമതലയേറ്റ ശേഷമാണ് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം ശേഷിക്കേയാണ് അൻവറിന്റെ രാജി. സിപിഎം സ്വതന്ത്രനായാണു രണ്ടു തവണയും നിലന്പൂരിൽനിന്നും അൻവർ തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു അൻവർ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായും എഡിജിപി എം.ആർ. അജിത്കുമാറുമായും ഉണ്ടായ അകൽച്ചയും അതിനെത്തുടർന്ന് ഇരുവർക്കുമെതിരേ അൻവർ ഉന്നയിച്ച അഴിമതി ആരോപണങ്ങളും വലിയ വിവാദമുണ്ടാക്കിയിരുന്നു. ആരോപണങ്ങളെല്ലാം മുഖ്യമന്ത്രിയും സിപിഎമ്മും തള്ളിയതോടെയാണ് അദ്ദേഹം പാർട്ടിയുമായി അകന്നത്.
സിപിഎം ബന്ധം പൂർണമായും ഉപേക്ഷിച്ച അൻവർ ഡിഎംകെയിൽ ചേരാൻ ശ്രമം നടത്തിയെങ്കിലും അവിടെ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ല. പിന്നീട് യുഡിഎഫിൽ ചേരാൻ ശ്രമം നടത്തിയ നീക്കവും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് മമതാ ബാനർജിയെ ബംഗാളിൽ പോയി കാണുകയും തൃണമൂൽ കോണ്‍ഗ്രസിന്റെ കേരളത്തിന്റെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തത്.
തൃണമൂലിൽ ചേർന്നതിനാൽ നിയമസഭാംഗത്വത്തിൽ തുടരാൻ തടസങ്ങളുള്ളതിനാലാണു മമതയുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്.