യുഡിഎഫിലേക്ക് പാലമിട്ട് അൻവർ; തിടുക്കം കാട്ടാതെ കോണ്‍ഗ്രസ്
Tuesday, January 14, 2025 3:08 AM IST
സാബു ജോണ്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനോടും യുഡിഎഫിനോടും അടുക്കാൻ പി.വി. അൻവർ ഏകപക്ഷീയമായൊരു നീക്കമാണു നടത്തിയത്.
എംഎൽഎ സ്ഥാനം രാജിവച്ച ശേഷം പ്രതിപക്ഷ നേതാവിനോടും രാഹുൽ ഗാന്ധിയോടും മുൻ പ്രസ്താവനകളുടെ പേരിൽ മാപ്പപേക്ഷ നടത്തി. നിലന്പൂർ സീറ്റിൽ മത്സരിക്കില്ലെന്നു മാത്രമല്ല, അവിടെ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നു വാഗ്ദാനവും നൽകി. ഇങ്ങനെയൊക്കെയാണെങ്കിലും ചാടിക്കയറി കൈ കൊടുക്കേണ്ടെന്ന നിലപാടിലാണു കോണ്‍ഗ്രസും യുഡിഎഫും.
പിന്തുണ വാഗ്ദാനം ചെയ്തപ്പോഴും അൻവർ ഒരുപരിധി വരെ കോണ്‍ഗ്രസിനെ വെട്ടിലാക്കി. നിലന്പൂരിൽ വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്നൊരു ശിപാർശ മുന്നോട്ടു വച്ചു.
മലയോര കർഷകർ കൂടുതലുള്ള മണ്ഡലങ്ങളിലൊന്നായ നിലന്പൂരിൽ മലയോര കർഷകരുടെ പ്രതിനിധിയായി ഡിസിസി പ്രസിഡന്റ് കൂടിയായ ജോയിയെ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്നാണ് അൻവർ പറഞ്ഞത്. ക്രൈസ്തവ സമുദായ പ്രതിനിധി എന്നു പറഞ്ഞുതന്നെയാണ് അൻവർ ജോയിയുടെ പേരു മുന്നോട്ടു വച്ചത്.
നിലന്പൂരിൽ അൻവർ ആദ്യമായി മത്സരിച്ച 2016ൽ ആര്യാടൻ ഷൗക്കത്ത് ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. ആര്യാടനെ പ്രഖ്യാപിത എതിരാളിയായി കണ്ടായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ അൻവർ അദ്ദേഹത്തെ പരിഹസിച്ചു സംസാരിച്ചത്.
ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കുന്പോൾ അൻവറിന്റെ സമ്മർദത്തിനു കോണ്‍ഗ്രസ് വഴങ്ങുമോ എന്നു കാത്തിരുന്നു കാണണം. ഇല്ലെങ്കിൽ അൻവറിന്റെ പ്രതികരണം എന്തായിരിക്കും എന്നും കാണേണ്ടതുണ്ട്.
ഏതായാലും ഉടനടി അൻവറുമായുള്ള ചർച്ചകൾക്കു യുഡിഎഫ് തുടക്കം കുറിക്കാനിടയില്ല. കാത്തിരുന്നു കാണാം എന്നാണ് അവരുടെ നിലപാട്. നിലന്പൂരിൽ ഇനി അൻവർ മത്സരത്തിനിറങ്ങില്ലെന്ന് അന്തിമമായി തീരുമാനിച്ചോ എന്നും അറിയേണ്ടതുണ്ട്.
പിണറായിസത്തിനെതിരായാണ് തന്റെ പോരാട്ടമെന്ന് അൻവർ പറയുകയും തൃണമൂൽ കോണ്‍ഗ്രസിൽ ചേരുകയും ചെയ്തതോടെ അൻവറിനു മുന്പിൽ യുഡിഎഫ് എന്ന ഒറ്റ സാധ്യതയേ അവശേഷിക്കുന്നുള്ളൂ.
ഇരുകൂട്ടരും തമ്മിൽ ചേർന്നുപോകാനുള്ള സാധ്യതകൾ തന്നെയാണുള്ളത്. എന്നാൽ, അത് ആരുടെ ഉപാധികൾ പ്രകാരമായിരിക്കും എന്നാണു തീരുമാനിക്കപ്പെടേണ്ടത്. യുഡിഎഫിനെ തന്നിലേക്ക് അടുപ്പിക്കുന്നതിനുള്ള സമ്മർദതന്ത്രങ്ങളിലേക്കാണ് അൻവർ കടന്നിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ മണ്ഡലമായ നിലന്പൂർ അവർ വിട്ടുകളയാനുള്ള സാധ്യത കുറവാണ്. അൻവറിനു മത്സരിക്കണമെങ്കിൽ മലബാറിൽ ഒരു സീറ്റ് കണ്ടെത്തേണ്ടിവരും. അൻവറിന്റെ സ്വാധീനം പ്രയോജനപ്പെടുത്തി ഏതാനും മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കാമെന്നു കോണ്‍ഗ്രസ് കരുതുന്നുണ്ടാകും. ഏതായാലും അതിനുവേണ്ടി വലിയ വിട്ടുവീഴ്ചയ്ക്കൊന്നും കോണ്‍ഗ്രസ് തയാറാകുമെന്നു കരുതാനാകില്ല.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അൻവർ ഒരു അടഞ്ഞ അധ്യായമാണ്. അവഗണിച്ച് അപ്രസക്തനാക്കുക എന്നതാണ് അവരുടെ ലൈൻ. അൻവർ ഉയർത്തുന്ന ആരോപണങ്ങൾക്കും ഇനി ഒരു പരിധിക്കപ്പുറം പ്രഹരശേഷി ഉണ്ടാകില്ലെന്ന് അവർ കരുതുന്നു.
ഇടതുപക്ഷത്തോട് ഇടഞ്ഞപ്പോൾ മുതലുള്ള അൻവറിന്റെ രാഷ്ട്രീയനീക്കങ്ങളെല്ലാം പാളിപ്പോയെന്നു കരുതുന്നവർ ഇടതിലും വലതിലുമുണ്ട്. അതല്ല താൻ പ്രസക്തനാണെന്ന് തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തെളിയിക്കേണ്ടത് അൻവറിന്റെ മാത്രം ബാധ്യതയാണ്. അൻവറിന്റെ രാഷ്ട്രീയനിലനിൽപ്പും അതിനെ ആശ്രയിച്ചിരിക്കും.