കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്
Monday, January 13, 2025 2:58 AM IST
ഉടുന്പന്നൂർ: ഉപ്പുകുന്നിൽ കാട്ടുപന്നി ആക്രമണത്തിൽ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടി പാറയ്ക്കു സമീപം താമസക്കാരനായ പൊന്തൻപ്ലായ്ക്കൽ പി.ആർ. രാജനാണു (51) പരിക്കേറ്റത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.
വളർത്തുനായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുമുറ്റത്തിറങ്ങിയ രാജനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. രാജന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളർന്നു. വിരലിനും പരിക്കുണ്ട്. പിന്നീട് ഓടിരക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യയാണ് മറ്റുള്ളവരെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയയ്ക്കു വിധേയനാക്കി.
പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമാണെന്നും ഇവയെ വെടിവച്ചു കൊല്ലാൻ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. രാജന് അടിയന്തര ചികിത്സാസഹായം നൽകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.