റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് സ്ത്രീകൾ മരിച്ചു
Monday, January 13, 2025 2:59 AM IST
ഒല്ലൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ടു സ്ത്രീകൾ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു. പൊറാട്ടുകര ലോനപ്പന്റെ മകൾ എൽസി (72), ബന്ധു പൊറാട്ടുകര പരേതനായ റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ ആറിന് ചിയ്യാരം വാകയിൽ റോഡിലായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ചിയ്യാരം ഗലീലി പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോകുന്നതിന് റോഡ് മുറിച്ചുകടക്കുന്നതിനിടെ തൃശൂരിൽനിന്ന് എറണാകുളത്തേക്കുപോയ ബസ് ഇടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ ബസ് വരുന്നതുകണ്ട് മാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരിച്ച മേരിയുടെ മക്കൾ: പ്രിന്റോ, പ്രീത, പ്രീജ. മരുമക്കൾ: ഷിലു, ജോർജ്, സ്റ്റീഫൻ. മരിച്ച എൽസിയുടെ സഹോദരങ്ങൾ: റപ്പായി, ജോസ്, തോമസ്, ജേക്കബ്, ജോണ്സണ്, അന്തോണി, ജോസഫീന. ഇരുവരുടെയും സംസ്കാരം ഇന്നു രാവിലെ ഒല്ലൂർ പള്ളിയിൽ നടക്കും.