നിലന്പൂരിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കോണ്‍ഗ്രസിൽ സംവിധാനമുണ്ട്: ചെന്നിത്തല
Tuesday, January 14, 2025 3:08 AM IST
തിരുവനന്തപുരം: നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരുന്പോൾ ആരു സ്ഥാനാർഥിയാകണമെന്നു തീരുമാനിക്കാൻ കോണ്‍ഗ്രസിൽ സംവിധാനമുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന അൻവറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
എംഎൽഎ സ്ഥാനം രാജിവച്ച് യുഡിഎഫിനു നിരുപാധികമായി പിന്തുണ നൽകാറുള്ള അൻവറിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും സ്ഥാനാർഥി ആരു വേണമെന്നുള്ളത് നിശ്ചയിക്കാൻ പാർട്ടിക്ക് ഒരു സിസ്റ്റം ഉണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സ്ഥാനാർഥിയെക്കുറിച്ച് പാർട്ടി എല്ലാവരുമായി ചർച്ച ചെയ്യും. അത് ഇപ്പോൾ തീരുമാനിക്കേണ്ട ഒരു കാര്യമല്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കാനായി അൻവർ ഉന്നയിച്ച കാര്യങ്ങൾ യുഡിഎഫ് നേരത്തേ പറഞ്ഞ വിഷയങ്ങളാണ്. ഈ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്.
ആ അഴിമതിക്കെതിരേയുള്ള പോരാട്ടം യുഡിഎഫ് ആണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അൻവർകൂടി പറഞ്ഞപ്പോൾ അത് ജനങ്ങൾക്ക് കൂടുതൽ വിശ്വാസമായി.
ഇടതുപക്ഷ സർക്കാരിന്റെ അഴിമതിയും കൊള്ളയും കഴിഞ്ഞ എട്ടു വർഷമായി ജനമധ്യത്തിൽ ഉയർത്തിക്കൊണ്ടു വരുന്ന കാര്യമാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ജനങ്ങളാൽ വെറുക്കപ്പെട്ട ഒരു ഗവണ്മെന്റ് ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.