പ്രമുഖ നേതാക്കൾ സിഎംആർഎല്ലിൽനിന്ന് മാസപ്പടി വാങ്ങി: കെ. സുരേന്ദ്രൻ
Monday, January 13, 2025 2:58 AM IST
കോഴിക്കോട്: എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കൾ കാലാകാലങ്ങളായി സിഎംആർഎല്ലിൽനിന്നു കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ബിജെപി മാത്രമാണ് ഇത്തരം പ്രകൃതിയെ ചൂഷണം ചെയ്യുന്ന കമ്പനികളിൽനിന്നു പണം വാങ്ങാത്തതെന്നും സുരേന്ദ്രൻ കോഴിക്കോട് മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യുഡിഎഫ് വന്നാൽ മുഖ്യമന്ത്രിയാകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു പ്രധാനപ്പെട്ട എല്ലാ നേതാക്കൾക്കും മാസപ്പടി ലഭിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥർക്കും ഐഎഎസ് ഉദ്യോഗസ്ഥർക്കും ചില പ്രമുഖർക്കും ഇങ്ങനെ മാസപ്പടി കൊടുത്തിട്ടുണ്ട്. എന്തിനാണ് സിഎംആർഎൽ ഇത്തരത്തിൽ മാസപ്പടി നൽകുന്നത്.
രണ്ടു മുന്നണികളുടെയും മുഖംമൂടി വലിച്ചുകീറുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടി നിരവധി പേരാൽ തുടർച്ചയായി പീഡിപ്പിക്കപ്പെടുന്നു. എന്നിട്ടും സർക്കാരോ ആഭ്യന്തരവകുപ്പോ ഒന്നുമറിയുന്നില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.