ലൂർദിന്റെ കെയറിൽ നോവയ്ക്ക് പുതുജീവൻ
Monday, January 13, 2025 2:58 AM IST
കൊച്ചി: 350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്ഥയില്‍ പിറന്ന നവജാതശിശു ‘നോവ’ക്ക് പുതുജീവനേകി എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം.
നവജാത ശിശുരോഗവിദഗ്ധന് ഡോ. റോജോ ജോയിയുടെ നേതൃത്വത്തില്‍ 100 ദിവസത്തിലധികം നീണ്ട ചികിത്സയിലൂടെയാണ് കുഞ്ഞ് നോവയെ സാധാരണജീവിതത്തിലേക്ക് എത്തിച്ചത്. ഇന്ത്യയിലെയും സൗത്ത്ഈസ്റ്റ് ഏഷ്യയിലെയും തന്നെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവാണ് നോവയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
24 ആഴ്ചയെങ്കിലും അമ്മയുടെ ഉദരത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന കുഞ്ഞുങ്ങളാണ് പൂര്‍ണ ആരോഗ്യത്തോടെ ജനിക്കുന്നത്. എന്നാല്‍ ‘നോവ’യുടെ കാര്യത്തില്‍ അതിജീവനത്തിന് ആവശ്യമായ കുറഞ്ഞ വളര്‍ച്ച പോലും എത്താതെ 23 ാമത്തെ ആഴ്ചയില്‍ ആയിരുന്നു ജനനം. കൂടാതെ ജനന സമയത്ത് അമ്മ സുജിഷയ്ക്ക് അണുബാധ ഉണ്ടായിരുന്നതും കുഞ്ഞിന്റെ അവസ്ഥ സങ്കീര്‍ണമാക്കി.
ജനിച്ച ഉടനെ കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നതിനായി ലേബര്‍ റൂമില്‍ വച്ചു തന്നെ കുഞ്ഞിന് കൃത്രിമ ശ്വാസം നല്കി. പിന്നീട് ഒരു മാസത്തോളം എന്‍ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ കൃത്രിമ ശ്വാസോച്ഛ്വാസം തുടരുകയും ചെയ്തു.
അതിനു ശേഷം കുഞ്ഞിനെ അത്യാധുനിക നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍ സംവിധാനത്തിലേക്ക് മാറ്റി. കുഞ്ഞിന് പോയിന്റ് ഓഫ് കെയര്‍ എക്കോകാര്‍ഡിയോഗ്രാം, ന്യൂറോസോണോഗ്രാം എന്നിവ ചെയ്യുകയും ഹൃദയമിടിപ്പ് കുറവായതിനാല്‍ അത് നിലനിര്‍ത്തുന്നതിന് ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്തു.
നോവയുടെ പരിചരണത്തിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുകയും വിദഗ്ധരായ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും സേവനം ലഭ്യമാക്കുകയും ചെയ്തിരുന്നതായി ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷന് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര പത്രസമ്മേളനത്തില്‍ പറഞ്ഞു.
നവജാത ശിശുരോഗവിദഗ്ധന് ഡോ. റോജോ ജോയി, ഡോ. അഷ്റിന് നൗഷാദ്, ഡോ. അനുഭവ്, ഡോ. മെവിന്‍ ജോസഫ്, ഡോ. എം.എസ്. കാവേരി, ഡോ. എസ്. അഫീന, ഡോ. അപര്‍ണ രാജ്, ലൂര്‍ദ് ആശുപത്രി ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദിവ്യ ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
നിലവില്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്നും സ്വന്തമായി ശ്വാസോച്ഛ്വാസം എടുക്കാന്‍ കഴിയുന്നുണ്ടെന്നും കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി മറ്റു സപ്പോര്‍ട്ടുകളില്ലാതെ മാതാവിനോടൊപ്പം സാധാരണ മുറിയിലാണ് കുട്ടി ഉള്ളതെന്നും ഡോ. റോജോ ജോയ് അറിയിച്ചു.