സഹകരണ നിയമഭേദഗതി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
Tuesday, January 14, 2025 1:59 AM IST
കൊച്ചി: സഹകരണ സംഘങ്ങളില്‍ തുടര്‍ച്ചയായി മൂന്നു തവണയിലധികം മത്സരിക്കുന്നത് വിലക്കിയ സഹകരണ നിയമഭേദഗതി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു.
നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിയമപരമായ അവകാശമല്ലെന്നതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹർജിയാണു ജസ്റ്റീസുമാരായ അമിത് റാവല്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയക്കാൻ ഉത്തരവായി.
2024 ജൂണ്‍ ഏഴിനാണ് 56 വ്യവസ്ഥകള്‍ പുതുതായി ഉള്‍പ്പെടുത്തി സഹകരണ നിയമഭേദഗതി നിലവില്‍ വന്നത്. വിവിധ സംഘങ്ങളില്‍ നടന്ന ക്രമക്കേടുകള്‍ വിലയിരുത്തിയാണ് സമഗ്രമായ നിയമഭേദഗതി കൊണ്ടുവന്നതെന്നും വായ്പാ സഹകരണസംഘങ്ങളില്‍ മാത്രമാണ് തത്കാലം ഈ വ്യവസ്ഥ നിലവില്‍ വന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.