യുവതിയെ പീഡിപ്പിച്ചതായി പരാതി; ഏഴു പേര്‍ക്കെതിരേ കേസ്
Monday, January 13, 2025 2:59 AM IST
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന അരീക്കോട് സ്വദേശിനിയായ മുപ്പത്തിയാറുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം ഏഴുപേര്‍ക്കെതിരേ അരീക്കോട് പോലീസ് കേസെടുത്തു.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി സൂചനയുണ്ട്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കി യുവതിയുടെ 15 പവന് സ്വര്‍ണവും ഇവര്‍ കവര്‍ന്നിട്ടുണ്ട്.
അയല്‍വാസിയായ മുഖ്യപ്രതി പത്തു വര്‍ഷത്തിനിടെ യുവതിയെ പലര്‍ക്കായി കാഴ്ചവയ്ക്കുകയായിരുന്നു. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ ചൂഷണം ചെയ്തത്. 11 മാസം മുമ്പ് മുഖ്യപ്രതി പീഡനവിവരം യുവതിയുടെ അയല്‍വാസിയോട് പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്.
മാനസിക അസ്വസ്ഥത കൂടി യുവതി കിണറ്റില്‍ ചാടിയതോടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രതികള്‍ പലതവണ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന് സംശയിക്കുന്നതായി യുവതിയുടെ സഹോദരന് പറഞ്ഞു.
കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസന്വേഷിക്കുന്നത്. മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിക്ക് രണ്ടു മക്കളുണ്ട്.